നോവസ്കോഷ: നോവസ്കോഷയിലെ കടല്ത്തീര കാറ്റാടിയന്ത്ര പദ്ധതികളുടെ വികസനത്തിന് വന് പിന്തുണയുമായി ഫെഡറല് സര്ക്കാര്. പ്രവിശ്യയിലെ ‘വിന്ഡ് വെസ്റ്റ്’ (Wind West) പദ്ധതിക്കായി 100 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം ഫെഡറല് സര്ക്കാര് പ്രഖ്യാപിച്ചു. ഊര്ജ്ജ മന്ത്രി ടിം ഹോഡ്ജ്സണും നോവസ്കോഷ പ്രീമിയര് ടിം
ഹൂസ്റ്റണിനൊപ്പം ഇന്ന് രാവിലെ ഹാലിഫാക്സില് വെച്ച് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.

കാനഡയുടെ കിഴക്കന് തീരത്താണ് കാറ്റാടിയന്ത്രങ്ങല് സ്ഥിതി ചെയ്യുന്നതെങ്കിലും രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് പരിസ്ഥിതി സൗഹൃദമായ ഹരിത ഊര്ജ്ജം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് ‘വിന്ഡ് വെസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ കാറ്റടിക്കുന്ന മേഖലകളിലൊന്നായ നോവസ്കോഷ തീരത്തെ ഉപയോഗപ്പെടുത്തി, 1 ട്രില്യണ് ഡോളര് മൂല്യമുള്ള ആഗോള ഓഫ്ഷോര് വിന്ഡ് വിപണിയില് പ്രയോജനം നേടാനാണ് കാനഡ ലക്ഷ്യമിടുന്നത്. പദ്ധതി പൂര്ണ്ണതോതില് നടപ്പിലാകുന്നതോടെ 17,000-ത്തിലധികം പുതിയ തൊഴിലവസരങ്ങള് സൃഷ്ടിക്കപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്.
വിന്ഡ് ടര്ബൈനുകള് സ്ഥാപിക്കുന്നതിന് മുന്നോടിയായി കടലിലെ കാലാവസ്ഥയും കാറ്റിന്റെ വേഗതയും അളക്കുന്നതിനുള്ള പ്രത്യേക ബോയകള് (Floating Light Detection Buoys) സ്ഥാപിക്കുന്നതിനായി ആകെ തുകയില് നിന്ന് 5 ദശലക്ഷം ഡോളര് വകയിരുത്തും. 2027 ആരംഭത്തോടെ പദ്ധതിയുടെ നിര്മ്മാണ ലേലങ്ങള് (Call for Bids) ആരംഭിക്കാനാണ് തീരുമാനം. കൂടാതെ ക്യുബെക്, ഒന്റാറിയോ ഉള്പ്പെടെയുള്ള പ്രവിശ്യകളിലേക്ക് കടലില് നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള കേബിള് റൂട്ടിംഗ് പഠനങ്ങള്ക്കായി ‘നെറ്റ് സീറോ അറ്റ്ലാന്റിക്’ എന്ന സ്ഥാപനത്തിന് 3 ദശലക്ഷം ഡോളറും നല്കും.
നോവസ്കോഷ ഇനി ഊര്ജ്ജ ശൃംഖലയുടെ അവസാന ഘട്ടമല്ലെന്നും, മറിച്ച് രാജ്യത്തിന്റെ പുതിയ ഊര്ജ്ജ കേന്ദ്രമായി മാറുമെന്നും പ്രീമിയര് ടിം ഹൂസ്റ്റണ് പറഞ്ഞു. സ്വന്തം പ്രവിശ്യയുടെ ആവശ്യങ്ങള് നിറവേറ്റുന്നതിനൊപ്പം കാനഡയ്ക്കാകെ ശുദ്ധമായ ഊര്ജ്ജം നല്കാന് ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
