Sunday, October 18, 2026

‘ഞാനും ഒരു അമ്മയാണ്, അത് പരിഗണിക്കണം’; മരിച്ച കുട്ടികളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതി സുഹൈലിന്റെ മാതാവ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി കേസിലെ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ്. മരിച്ച കുട്ടികളുടെ കുടുംബങ്ങളുടെ വേദന മനസ്സിലാക്കുന്നുവെന്നും തങ്ങളാൽ കഴിയുന്നിടത്തോളം കാലം ആ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നൂഹ സജീവ് പ്രതികരിച്ചത്.

മക്കളെ സ്നേഹത്തോടെ വളർത്തി, ഒരുപാട് സ്വപ്നങ്ങളുമായി ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ അവരെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കുന്നതിനും അപ്പുറമാണെന്ന് നൂഹ സജീവ് പറഞ്ഞു. തന്റെ വാക്കുകൾക്ക് മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന കുറയ്ക്കാൻ കഴിയില്ലെന്ന് അറിയാമെന്നും മരിച്ച കുട്ടികളുടെ കുടുംബങ്ങളോട് വീണ്ടും അനുശോചനം അറിയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും നൂഹ സജീവ് ആവശ്യപ്പെട്ടു. സത്യം പുറത്തുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെക്കുറിച്ചും അടിസ്ഥാനരഹിതമായ വാർത്തകളുടെ പ്രചാരണത്തെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. തനിക്കും കുടുംബത്തിനും ഈ ദുഷ്‌കരമായ സാഹചര്യത്തിൽ അൽപം സ്വകാര്യത നൽകണമെന്ന് അഭ്യർഥിച്ചു. തങ്ങളും സാധാരണ മനുഷ്യരാണെന്നും നാല് പേരടങ്ങുന്ന കുടുംബമാണെന്നും അവർ പറഞ്ഞു.

മകന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂന്ന് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതിലുള്ള വേദനയും ഒരേസമയം അനുഭവിക്കുകയാണെന്ന് നൂഹ സജീവ് വ്യക്തമാക്കി. എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്തത്ര വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ പറഞ്ഞു.

ഒരു അമ്മയെന്ന നിലയിലും സംരംഭകയെന്ന നിലയിലും മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുമെന്നും നൂഹ സജീവ് ഉറപ്പുനൽകി. തങ്ങളുടെ കുടുംബത്തെക്കുറിച്ച് വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഒഴിവാക്കണമെന്നും ഒരു അമ്മയെന്ന നിലയിലുള്ള തന്റെ അവസ്ഥ കൂടി പരിഗണിക്കണമെന്നും അവർ അഭ്യർഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!