ന്യൂബ്രണ്‍സ്വിക്: ന്യൂബ്രണ്‍സ്വിക്കിലുള്ള സെന്റ് സ്റ്റീഫന്‍ നഗരത്തില്‍ അമിത ലഹരിമരുന്ന് ഉപയോഗിച്ച് ഗുരുതരാവസ്ഥയിലായ ആറ് പേര്‍ ആശുപത്രിയില്‍. ഞായറാഴ്ച രാത്രി പ്രാദേശിക അഭയകേന്ദ്രമായ ‘ലൈറ്റ്ഹൗസ് ലോഡ്ജില്‍’ വച്ചാണ് സംഭവം. ലഹരി ഉപയോഗിച്ച 9 പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും, ഇതില്‍ 6 പേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ സെന്റ് സ്റ്റീഫന്‍ ഫയര്‍ സര്‍വീസ്, ആര്‍സിഎംപി (RCMP) പോലീസ് വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മേഖലയിലെ ലഭ്യമായ 5 ആംബുലന്‍സുകളും ഈ ഒറ്റ സംഭവത്തിനായി ഉപയോഗിക്കേണ്ടി വന്നത് മറ്റ് അടിയന്തര സേവനങ്ങളെ ബാധിച്ചതായി സെന്റ് സ്റ്റീഫന്‍ മേയര്‍ സ്റ്റീവ് ബാക്ക്മാന്‍ വ്യക്തമാക്കി.

അഭയകേന്ദ്രം നടത്തുന്ന ‘നെയ്ബര്‍ഹുഡ് വര്‍ക്‌സ്’ (Neighbourhood Works) എന്ന എന്‍ജിഒ സംഘടന, കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രദേശത്ത് ലഹരിമരുന്ന് ദുരന്തങ്ങള്‍ കുത്തനെ ഉയര്‍ന്നതായി സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ അഭയകേന്ദ്രത്തില്‍ എത്തിയതായി സംഘടന അറിയിച്ചു. നിലവില്‍ വിതരണം ചെയ്ത ഏത് വീര്യമേറിയ ലഹരിമരുന്നാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും അന്വേഷിച്ചു വരികയാണ്.
ദിവസം ചെല്ലുന്തോറും ലഹരിമരുന്നുകളുടെ തീവ്രത വര്‍ധിച്ചു വരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. കൗണ്‍സിലിങും ലഹരിമുക്തി ചികിത്സാ സൗകര്യങ്ങളും കൂടുതല്‍ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സോഷ്യല്‍ ഡെവലപ്മെന്റ് ഉദ്യോഗസ്ഥരുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദേശത്ത് ആര്‍ക്കെങ്കിലും അമിത അളവില്‍ ലഹരിബാധ ഏറ്റതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അടിയന്തര സഹായം തേടണമെന്നും എന്‍ജിഒ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
