Tuesday, October 20, 2026

ഇറാനെ ലക്ഷ്യമിട്ട് വൻ സൈനിക നീക്കമോ? നെതന്യാഹുവും പീറ്റ് ഹെഗ്‌സെത്തും തമ്മിൽ രഹസ്യ കൂടിക്കാഴ്ച

വാഷിങ്ടൺ: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രായേലിൽ രഹസ്യ സന്ദർശനം നടത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സന്ദർശനം പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

അമേരിക്കൻ മാധ്യമമായ ആക്സിയോസാണ് സന്ദർശനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. കൂടിക്കാഴ്ചയുടെ ലക്ഷ്യവും ചർച്ചകളിലെ വിഷയങ്ങളും വ്യക്തമല്ല. അതേസമയം, ഇറാനെതിരായ പുതിയ സൈനിക നടപടിയുടെ സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ ഈ കൂടിക്കാഴ്ച ഇറാനെതിരായ ആക്രമണത്തിനുള്ള മുന്നൊരുക്കമാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭ്യമല്ല.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന് രാഷ്ട്രീയ സമ്മർദം

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനും തുടർന്ന് ഗസ്സയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടികൾക്കും പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് ഇസ്രയേൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലെബനൻ, ഇറാൻ തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ച സംഘർഷങ്ങൾ രാജ്യത്തിന്റെ സുരക്ഷാ നയത്തെയും ആഭ്യന്തര രാഷ്ട്രീയത്തെയും സ്വാധീനിച്ചിട്ടുണ്ട്.

അഭിപ്രായ സർവേകൾ നെതന്യാഹുവിന്റെ തീവ്രദേശീയ സഖ്യത്തിന് ഭൂരിപക്ഷം നേടുന്നതിൽ വെല്ലുവിളികൾ ഉണ്ടാകാമെന്നാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ട്. എന്നാൽ പ്രതിപക്ഷത്തിന് സർക്കാർ രൂപീകരിക്കാൻ കഴിയുമോയെന്നതും അനിശ്ചിതത്വത്തിലാണ്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിന് പരസ്യ പിന്തുണ നൽകിയതിനു പിന്നാലെയാണ് ഹെഗ്‌സെത്തിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. യുഎസുമായുള്ള അടുത്ത ബന്ധം നെതന്യാഹുവിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് കരുത്തേകുമെന്നാണ് ചില നിരീക്ഷകരുടെ വിലയിരുത്തൽ.

യുഎസുമായുള്ള ബന്ധത്തിൽ താനാണ് അനിവാര്യനായ നേതാവെന്ന് തെളിയിക്കാൻ കൂടിക്കാഴ്ച നെതന്യാഹുവിനെ സഹായിച്ചേക്കാമെന്ന് മിഡിൽ ഈസ്റ്റ് വിദഗ്ധ സനം വാകിൽ അൽ ജസീറയോട് അഭിപ്രായപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തെ ഇത്തരം നീക്കങ്ങൾ എത്രത്തോളം സ്വാധീനിക്കുമെന്നതിൽ വ്യക്തതയില്ലെന്നാണ് കിങ്സ് കോളജിലെ അധ്യാപകൻ ആൻഡ്രിയാസ് ക്രീഗിന്റെ വിലയിരുത്തൽ.

ജെ.ഡി. വാൻസിന്റെ നിലപാട് ശ്രദ്ധേയമാകുന്നു

നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിന് നെതന്യാഹുവാണ് ഉത്തരവാദിയെന്ന വിമർശനം വാൻസ് ഉന്നയിച്ചിരുന്നു. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!