ദുബായ്: ഐക്യരാഷ്ട്രസഭയുടെ അടുത്ത സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് യുഎഇ സഹമന്ത്രിയും യുഎന്നിലെയും യൂറോപ്യൻ യൂണിയനിലെയും രാജ്യത്തിന്റെ പ്രതിനിധിയുമായ ലാന നുസൈബ. യുഎഇ ഔദ്യോഗികമായി നാമനിർദേശം ചെയ്തതിന് പിന്നാലെയാണ് അവർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ രണ്ടാം കാലാവധി 2026 ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ സെക്രട്ടറി ജനറലിനെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഒക്ടോബർ 16ന് യുഎൻ രക്ഷാസമിതി നടത്തിയ ഏറ്റവും പുതിയ പ്രാഥമിക അഭിപ്രായ വോട്ടെടുപ്പിന് പിന്നാലെയാണ് ലാന നുസൈബയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനം.
യുഎന്നിൽ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചിട്ടുണ്ടെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ലാന നുസൈബ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും നയതന്ത്രത്തിലൂടെ രാജ്യങ്ങൾക്ക് പൊതുവായ നിലപാടിലെത്താനും അസാധ്യമെന്ന് കരുതിയ ധാരണകൾ യാഥാർഥ്യമാക്കാനും കഴിയുമെന്ന് നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

അതേസമയം, നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെടുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കും സാക്ഷിയായിട്ടുണ്ടെന്ന് ലാന ചൂണ്ടിക്കാട്ടി. വാഗ്ദാനങ്ങളും പ്രവർത്തനങ്ങളും തമ്മിലുള്ള അകലം വർധിക്കുന്നത് ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം കുറയ്ക്കുകയും കൂട്ടായ പ്രവർത്തനങ്ങൾക്കുള്ള സംഘടനയുടെ ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.
പ്രതിസന്ധികളിൽ സമയബന്ധിതമായി ഇടപെടുക, അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുക, പ്രഖ്യാപിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്നും ലാന നുസൈബ വ്യക്തമാക്കി. ജനങ്ങൾക്ക് അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ യുഎന്നിന് കഴിയുന്നുവെന്ന് ഉറപ്പാക്കുകയും സംഘടനയിലുള്ള വിശ്വാസം വീണ്ടെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി യുഎഇ സർക്കാരിലെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ലാന നുസൈബ താൽക്കാലിക അവധിയെടുത്തിട്ടുണ്ട്.
