മണ്‍ട്രിയോള്‍: കെബെക്കില്‍ റാക്കൂണ്‍ പേവിഷബാധ വ്യാപനം രൂക്ഷമാകുന്നു.
വളര്‍ത്തുമൃഗങ്ങളിലേക്കും രോഗം പടരുന്നതായി മുന്നറിയിപ്പ്. വീണ്ടും ഒരു പൂച്ചയ്ക്ക് റാക്കൂണ്‍ പേ വിഷബാധ (Raccoon Rabies) സ്ഥിരീകരിച്ചു. ഈ വര്‍ഷം കെബെക്കില്‍ പൂച്ചകളില്‍ പേ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.
മോണ്ടെറെജി (Montérégie) മേഖലയിലെ സെന്റ്-ഡെനിസ്-സുര്‍-റിഷെലൂ (Saint-Denis-sur-Richelieu) ടൗണില്‍ സെപ്റ്റംബര്‍ 25-നാണ് പൂച്ചയില്‍ രോഗബാധ കണ്ടെത്തിയത്. രോഗബാധിതമായ പൂച്ചയുമായി സമ്പര്‍ക്കത്തില്‍ വന്ന ഉടമയ്ക്കും മൃഗഡോക്ടര്‍ക്കും ഉടന്‍ തന്നെ പ്രതിരോധ ചികിത്സ ലഭ്യമാക്കിയതായി പ്രവിശ്യാ അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം കെബെക്കില്‍ ആകെ 313 റാക്കൂണ്‍ പേവിഷബാധ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

നേരത്തെ ജൂണ്‍ അവസാനത്തോടെ രണ്ട് പൂച്ചകളില്‍ രോഗബാധ കണ്ടെത്തിയിരുന്നു. കെബെക്കില്‍ സാധാരണയായി ആളുകള്‍ പൂച്ചകള്‍ക്ക് വാക്‌സിന്‍ നല്‍കാറുണ്ടെങ്കിലും, പൂച്ചകളില്‍ തുടര്‍ച്ചയായി പേ വിഷബാധ കാണുന്നത് അസാധാരണമാണെന്ന് മക്ഗില്‍ സര്‍വകലാശാലയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം പ്രൊഫസര്‍ മൈക്കല്‍ ലിബ്മാന്‍ പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യമായി വാക്‌സിന്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവല്‍ക്കരണം കുറയുന്നുണ്ടോ എന്ന് ഇത് സംശയിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പേ വിഷബാധ റാക്കൂണുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, നായ, ആട്, പശു തുടങ്ങിയ ഏത് സസ്തനികള്‍ക്കും ഇത് ബാധിക്കാമെന്നും ലിബ്മാന്‍ ഓര്‍മ്മിപ്പിച്ചു. മൃഗങ്ങള്‍ക്ക് പേ വിഷബാധയേറ്റാല്‍ അവ കൂടുതല്‍ അക്രമാസക്തരാകാനും കടിക്കാനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും, കുട്ടികള്‍ മൃഗങ്ങളോട് കൂടുതല്‍ അടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കെബെക്കില്‍ 2024-ഓടെയാണ് റാക്കൂണ്‍ പേ വിഷബാധ വീണ്ടും പടര്‍ന്നു തുടങ്ങിയത്. രോഗവ്യാപനം തടയുന്നതിനായി വാക്‌സിന്‍ വിതരണം ചെയ്യല്‍, മൃഗങ്ങളെ പിടിച്ച് വാക്‌സിന്‍ നല്‍കി തുറന്നുവിടല്‍ തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. നവംബര്‍ അവസാനം വരെ വാക്‌സിനേഷന്‍ ക്ലിനിക്കുകള്‍ വഴി വളര്‍ത്തുമൃഗങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് കെബെക്ക് കൃഷി മന്ത്രാലയം അറിയിച്ചു.
