Saturday, October 24, 2026

കാനഡയ്ക്ക് ആശ്വാസമായി US തീരുവ ഇളവ്; ചില ഉൽപ്പന്നങ്ങളുടെ നികുതി കുറച്ച് ട്രംപ് ഭരണകൂടം

ഓട്ടവ: കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം. പ്ലൈവുഡ്, പേപ്പർ ഉൽപ്പന്നങ്ങൾ, പ്രത്യേക യന്ത്രസാമഗ്രികൾ, ശീതീകരണ ഉപകരണങ്ങൾ, പാക്കിങ് ബോക്സുകൾ തുടങ്ങിയവയുടെ ഇറക്കുമതിക്കുള്ള തീരുവയാണ് കുറയ്ക്കുന്നത്. ഒക്ടോബർ 30 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും.

അതേസമയം, കാർപെറ്റുകൾ, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചില ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുതിയതായി തീരുവ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കാനഡ–യുഎസ് വ്യാപാരബന്ധത്തിൽ ഭാഗിക ആശ്വാസം ഉണ്ടായെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

തിരഞ്ഞെടുപ്പ് സമ്മർദം തീരുവ ഇളവിന് പിന്നിലെന്ന് വിലയിരുത്തൽ

യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. തുല്യമായ വ്യാപാരബന്ധം ഉറപ്പാക്കാനും അമേരിക്കൻ തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുമാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് വക്താവ് മാത്യു മിഡിൽട്ടൺ വ്യക്തമാക്കി.

എന്നാൽ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന വിലയിരുത്തലുകളും ശക്തമാണ്. കാനഡയുമായുള്ള വ്യാപാര തർക്കം അതിർത്തി മേഖലകളിലെ കർഷകരെയും വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു. പ്രത്യേകിച്ച് മെയ്നിലെ കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധി രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.

മെയ്നിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ് കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടം നേരിടുന്ന സാഹചര്യത്തിൽ, അവരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാൻ വൈറ്റ് ഹൗസിൽ നടത്തിയ നിരന്തര ഇടപെടലുകളാണ് ഇപ്പോഴത്തെ ഇളവുകൾക്ക് വഴിയൊരുക്കിയത്.

അമേരിക്കൻ വാഹനങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, മദ്യം എന്നിവയുടെ വ്യാപാരത്തിൽ കാനഡ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചത്.

20 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയിരുന്നു

ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങളെ ഈ നടപടി ബാധിച്ചതായാണ് റിപ്പോർട്ട്. ഇതിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡയും തിരിച്ചടി തീരുവ ഏർപ്പെടുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ വഴിമുട്ടിയതോടെ അതിർത്തി മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങളെയും കർഷകരെയും വ്യവസായികളെയും പ്രതിസന്ധി ബാധിച്ചു.

കർഷകരുടെ ദുരിതം രാഷ്ട്രീയ വിവാദമാകുന്നു

മെയ്ൻ ഉൾപ്പെടെയുള്ള മേഖലകളിലെ ബ്ലൂബെറി, ആപ്പിൾ, ഉരുളക്കിഴങ്ങ് കർഷകർക്ക് ആവശ്യമായ സാമഗ്രികളുടെ ഇറക്കുമതി തടസ്സപ്പെട്ടത് പ്രതിസന്ധി രൂക്ഷമാക്കി. ഇതേത്തുടർന്ന് സെനറ്റർ സൂസൻ കോളിൻസ് വ്യാപാര തർക്കത്തിൽ ഇടപെട്ടിരുന്നു.

എന്നാൽ തീരുവ ഇളവുകൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് കോളിൻസിന്റെ ഡെമോക്രാറ്റിക് എതിരാളി ട്രോയ് ജാക്സൺ ആരോപിച്ചു. കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് കാരണം ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.

കരാറിന് തയ്യാറെന്ന് കാനഡ; ധൃതിയില്ലെന്ന് കാർണി

തീരുവ ഇളവുകൾ വിലയിരുത്തിവരികയാണെന്നും ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന യുക്തമായ വ്യാപാര കരാറിന് കാനഡ തയ്യാറാണെന്നും ആഭ്യന്തര വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വ്യക്തമാക്കി.

കാനഡ കരാറിനായി ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, കരാറിലെത്താൻ കാനഡയ്ക്ക് പ്രത്യേക ധൃതിയില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്കയ്ക്ക് അനുകൂലമായ വ്യവസ്ഥകൾ മാത്രം അംഗീകരിക്കുന്നതിനുപകരം, കാനഡയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കരാറിനായി മാസങ്ങളോളം കാത്തിരിക്കാനും ആവശ്യമെങ്കിൽ അടുത്ത യുഎസ് ഭരണകൂടം വരുന്നതുവരെ ചർച്ചകൾ നീട്ടാനും തയ്യാറാണെന്ന നിലപാടിലാണ് കാനഡ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!