Thursday, October 29, 2026

ഒന്റാരിയോയിൽ വൻ സ്വർണഖനി പദ്ധതി; 250 വീടുകൾ ഒഴിപ്പിക്കേണ്ടിവരുമെന്ന ആശങ്കയിൽ നാട്ടുകാർ

വടക്കുകിഴക്കൻ ഒൻ്റാരിയോയിലെ വിർജീനിയടൗണിൽ നിർദിഷ്ട സ്വർണഖനി പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കാഡിലാക് മൈൻസ് കമ്പനിയുടെ ഓപ്പൺ പിറ്റ് ഖനി പദ്ധതി നടപ്പിലായാൽ നഗരത്തിലെ ഏകദേശം 250 വീടുകളിലായി താമസിക്കുന്ന 500 പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നതാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വീടുകൾ ഏറ്റെടുക്കേണ്ടിവരുമെന്ന നിർദേശവും പ്രദേശവാസികളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് നടന്ന പൊതുയോഗത്തിൽ പങ്കെടുത്തവർ പദ്ധതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു. നഗരത്തിലെ വീടുകൾ കമ്പനി വാങ്ങുകയും താമസക്കാരെ മറ്റിടങ്ങളിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടിവരുമെന്ന് കാഡിലാക് മൈൻസ് പ്രസിഡന്റ് ലിയോൺ ലെബ്ലാങ്ക് യോഗത്തിൽ വ്യക്തമാക്കി. പദ്ധതി ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും 2027-ന്റെ മധ്യത്തോടെ മുന്നോട്ടുപോകാനുള്ള സാധ്യതയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നഗരവാസികളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന കമ്പനിയുടെ സി.ഇ.ഒ റിക്ക് ഹോവ്‌സിന്റെ മുൻ പരാമർശങ്ങളും വിവാദമായിരുന്നു. പ്രസ്താവന അനുചിതമായിരുന്നുവെന്ന് സമ്മതിച്ച ലെബ്ലാങ്ക് നാട്ടുകാരോട് ക്ഷമാപണം നടത്തി. അതേസമയം, ഖനിപദ്ധതിയുടെ അനിശ്ചിതത്വം വീടുകളുടെ വിൽപ്പനയെയും വിപണിമൂല്യത്തെയും ബാധിക്കുമെന്ന ആശങ്കയും പ്രദേശവാസികൾ ഉന്നയിച്ചു. താമസം മാറുന്നതിനുള്ള ചെലവ്, വീടുകളുടെ മൂല്യം, നടത്തിയ അറ്റകുറ്റപ്പണികൾ എന്നിവ കണക്കിലെടുത്ത് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
1996-ൽ നഗരത്തിലെ പഴയ ഖനി അടച്ചുപൂട്ടിയതിനെത്തുടർന്ന് വിർജീനിയടൗണിന്റെ വളർച്ച മന്ദഗതിയിലായെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പുതിയ ഖനിപദ്ധതി സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുമെന്ന വാദമുണ്ടെങ്കിലും, നിലവിലുള്ള വീടുകളും ജീവിതസാഹചര്യങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളെ നിർണയിക്കുന്നതിൽ നിർണായകമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!