Monday, November 2, 2026

ശ്രീകാര്യത്ത് 17കാരന്റെ കൊലപാതകം; പ്രണയത്തർക്കമെന്ന് പൊലീസ്, 17കാരൻ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥിയായ അഭിറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 17കാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ശ്രീകാര്യം സ്വദേശി ഉമർ (22), പ്രായപൂർത്തിയാകാത്ത ആൺകുട്ടി, പെൺകുട്ടി എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

ഇൻസ്റ്റഗ്രാം സന്ദേശം അയച്ച് വിളിച്ചുവരുത്തിയെന്ന്

കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് സന്ദേശം അയച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ പെൺകുട്ടിയുടെ പങ്കും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

അഭിറാമിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഉമർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും മൃതദേഹം ഉപേക്ഷിക്കാൻ ചാക്ക് ഉൾപ്പെടെയുള്ളവ പ്രതികൾ കരുതിയിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

കാണാതായത് ഞായറാഴ്ച വൈകിട്ട്

കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാമിനെ ഞായറാഴ്ച വൈകിട്ടാണ് കാണാതായത്. കൂട്ടുകാരൻ വിളിക്കുന്നുവെന്ന് പറഞ്ഞ് മൂന്ന് മണിയോടെ വീട്ടിൽനിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു. രാത്രി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ തിരിച്ചെത്തുമെന്ന് അഭിറാം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.

രാത്രി ഏറെ വൈകിയിട്ടും മകൻ തിരിച്ചെത്താതിരുന്നതോടെ കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

വഴിയോരത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം

പേരൂർ അങ്കണവാടിക്ക് സമീപം വഴിയോരത്താണ് മൃതദേഹം കണ്ടെത്തിയത്. കരിയിലയിൽ പൊതിഞ്ഞ് തല മുതൽ കാൽവരെ ചാക്കിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം.

കസ്റ്റഡിയിലുള്ള 22കാരനായ ഉമർ നേരത്തെ കഞ്ചാവ്, മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള 17കാരനായ ആൺകുട്ടിക്ക് മുൻപ് മോഷണക്കേസുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!