വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി. സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റിക് പാർട്ടി നിർണായക മുന്നേറ്റം തുടരുകയാണ്. നോർത്ത് കരോലീനയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന സെനറ്റ് സീറ്റ് പിടിച്ചെടുത്തതും ജോർജിയയിലും ന്യൂഹാംഷെയറിലും വിജയിച്ചതും ഡെമോക്രാറ്റുകൾക്ക് നേട്ടമായി.
അമേരിക്കൻ പ്രസിഡന്റിന്റെ നാലുവർഷത്തെ ഭരണകാലത്തിന്റെ പകുതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തിരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. കോൺഗ്രസിന്റെ ഇരുസഭകളിലെയും നിയന്ത്രണം നിർണയിക്കുന്നതിനാൽ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കുള്ള ജനവിധിയായും തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നു.
ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളിൽ ഗവർണർ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷത്തിന് 218 സീറ്റുകളും സെനറ്റിൽ 51 സീറ്റുകളുമാണ് വേണ്ടത്.

100 കടന്ന് ഡെമോക്രാറ്റുകൾ
അമേരിക്കൻ ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലടക്കം നിർണായക പോരാട്ടമാണ് നടക്കുന്നത്. നോർത്ത് കരോലീനയിലും ന്യൂജേഴ്‌സിയിലും ഡെമോക്രാറ്റുകൾ ചില സീറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ സഭയുടെ നിയന്ത്രണം സംബന്ധിച്ച അന്തിമ ചിത്രം വ്യക്തമാകാൻ കൂടുതൽ ഫലങ്ങൾ പുറത്തുവരേണ്ടതുണ്ട്.
സെനറ്റിൽ മൂന്ന് കറുത്ത വർഗക്കാരായ വനിതകൾ; ചരിത്രനേട്ടം
ഇല്ലിനോയിസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലിയാന സ്ട്രാറ്റൺ വിജയിച്ചതോടെ അമേരിക്കൻ സെനറ്റിൽ ഒരേസമയം മൂന്ന് കറുത്ത വർഗക്കാരായ വനിതകൾ അംഗങ്ങളാകും. ഡെലവെയറിൽ നിന്നുള്ള ലിസ ബ്ലണ്ട് റോച്ചസ്റ്റർ, മേരിലാൻഡിൽ നിന്നുള്ള ഏഞ്ചല ആൽസോബ്രൂക്സ് എന്നിവർക്കൊപ്പമാണ് സ്ട്രാറ്റനും സെനറ്റിലെത്തുന്നത്.
2027ൽ സ്ട്രാറ്റൺ ചുമതലയേൽക്കുന്നതോടെ അമേരിക്കൻ സെനറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് കറുത്ത വർഗക്കാരായ വനിതകൾ ഒരേസമയം അംഗങ്ങളാകുന്നത്.
നോർത്ത് കരോലീനയിൽ റിപ്പബ്ലിക്കൻ സീറ്റ് പിടിച്ച് ഡെമോക്രാറ്റുകൾ
നോർത്ത് കരോലീനയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി റോയ് കൂപ്പർ വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കൽ വാട്ട്ലിയെ പരാജയപ്പെടുത്തിയാണ് മുൻ ഗവർണർ കൂടിയായ കൂപ്പർ സീറ്റ് പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന സീറ്റ് തിരിച്ചുപിടിച്ചത് ഡെമോക്രാറ്റുകൾക്ക് നിർണായക നേട്ടമായി.
ജോർജിയയിൽ ജോൺ ഒസോഫും ന്യൂഹാംഷെയറിൽ ക്രിസ് പപ്പാസും വിജയിച്ചു. ഇല്ലിനോയിസിൽ ജൂലിയാന സ്ട്രാറ്റണും ഡെലവെയറിൽ ക്രിസ് കൂൺസും ന്യൂജേഴ്‌സിയിൽ കോറി ബുക്കറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ജീവിതച്ചെലവ് പ്രധാന ചർച്ചാവിഷയം
അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവും വിലക്കയറ്റവും തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയങ്ങളായി. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചാണ് ഡെമോക്രാറ്റുകൾ പ്രചാരണം നടത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം ട്രംപ് പരസ്യമായി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും ആദ്യ ഫലങ്ങൾ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്.
കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ട്രംപ് ഭരണകൂടത്തിന്റെ നിയമനിർമാണ നടപടികൾക്കും ഭരണപരമായ തീരുമാനങ്ങൾക്കും ഡെമോക്രാറ്റുകളുടെ ശക്തമായ പരിശോധന നേരിടേണ്ടിവരും. അതിനാൽ ശേഷിക്കുന്ന വോട്ടെണ്ണലും അന്തിമ ഫലങ്ങളും അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായകമാകും.
