ഡൽഹി: അധ്യാപകരുടെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യതയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ഇളവ് ആവശ്യപ്പെട്ട് കേരള സർക്കാർ വീണ്ടും കോടതിയെ സമീപിച്ചു. 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ ഒന്നിനുമിടയിൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് ടെറ്റ് യോഗ്യത നേടാൻ കൂടുതൽ സമയം അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ജമ്മു കശ്മീരിലെ അധ്യാപകർക്ക് അനുവദിച്ച സമാനമായ ഇളവ് കേരളത്തിലെ അധ്യാപകർക്കും നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ സർവീസിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജികൾ കോടതി നേരത്തെ തള്ളിയിരുന്നു. എന്നാൽ പരീക്ഷ പാസാകുന്നതിനുള്ള സമയപരിധി രണ്ട് വർഷത്തിൽനിന്ന് മൂന്ന് വർഷമായി ഉയർത്തിയിരുന്നു. ഈ ഉത്തരവിൽ ഭേദഗതിയും കൂടുതൽ വ്യക്തതയും ആവശ്യപ്പെട്ടാണ് കേരളം പുതിയ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
2028 ഓഗസ്റ്റ് 31 വരെ സമയം അനുവദിക്കണം
വിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലി പി.എസ്. ഫയൽ ചെയ്ത അപേക്ഷയിൽ പ്രധാനമായും രണ്ട് ആവശ്യങ്ങളാണുള്ളത്.
- 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ ഒന്നിനുമിടയിൽ നിയമനം ലഭിച്ച് തുടർച്ചയായി സർവീസിൽ തുടരുന്ന അധ്യാപകർക്ക് 2028 ഓഗസ്റ്റ് 31 വരെ ടെറ്റ് യോഗ്യത നേടാൻ സമയം അനുവദിക്കണം.
- നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ പാസാകാൻ കഴിയാത്ത അധ്യാപകരെ പെട്ടെന്ന് പിരിച്ചുവിടുന്നതിന് പകരം സർവീസ് ആനുകൂല്യങ്ങളോടെ നിർബന്ധിത വിരമിക്കൽ അനുവദിക്കണം. പതിനായിരക്കണക്കിന് അധ്യാപകർക്ക് ആശങ്ക

2010 ഓഗസ്റ്റ് 23-ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിച്ചപ്പോൾ, അതിനുശേഷം നിയമനം ലഭിച്ചവരിൽ പത്തുവർഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന അധ്യാപകർക്ക് മതിയായ സാവകാശമില്ലാത്ത സാഹചര്യമാണുള്ളതെന്ന് സംസ്ഥാന സർക്കാർ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
ദീർഘകാലമായി അധ്യാപകവൃത്തിയിൽ തുടരുന്നവരെ പെട്ടെന്ന് സർവീസിൽനിന്ന് ഒഴിവാക്കുന്നത് അവരുടെ തൊഴിൽജീവിതത്തെയും കുടുംബങ്ങളെയും ബാധിക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനത്തെയും കുട്ടികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന് നൽകിയ ഇളവ് കേരളത്തിനും വേണം
ജമ്മു കശ്മീരിലെ അധ്യാപകരുടെ കാര്യത്തിൽ സുപ്രീംകോടതി സമാനമായ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും അതേ പരിഗണന കേരളത്തിലെ അധ്യാപകർക്കും നൽകണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.
പുതിയ അപേക്ഷയിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരുടെ തൊഴിൽഭാവിയെ ബാധിക്കുന്ന നിർണായക വിഷയമായേക്കും. കോടതിയുടെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ് അധ്യാപക സമൂഹം.
