വാഷിങ്ടൺ: ചെങ്കടലിലെ സമുദ്രപാതകളിലൂടെയുള്ള കപ്പൽഗതാഗതത്തിൽ നിർണായക സ്വാധീനം ഉറപ്പിച്ച് യെമനിലെ ഹൂതി വിമതർ. കപ്പലുകൾക്ക് ഇമെയിൽ വഴി സുരക്ഷിതപാത അനുവദിക്കുന്ന സംവിധാനം ഹൂതികൾ നടപ്പാക്കിയതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അതേസമയം, ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യയ്ക്കും യെമൻ സർക്കാരിനും സൈനികസഹായം നൽകാൻ സിറിയ തീരുമാനിച്ചു. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇമെയിൽ വഴി കപ്പലുകൾക്ക് യാത്രാനുമതി
ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതം നിയന്ത്രിക്കുന്നതിനായി ഹൂതികൾ പ്രത്യേക ഇമെയിൽ സംവിധാനം ഒരുക്കിയെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ബന്ധമില്ലെന്ന് പ്രഖ്യാപിക്കുന്ന കപ്പലുകൾക്കാണ് സുരക്ഷിതപാത അനുവദിക്കുന്നത്. സൗദി കപ്പലുകൾക്കും നിയന്ത്രണം ബാധകമാണ്.
കപ്പലുകളിൽനിന്ന് ലഭിക്കുന്ന ഇമെയിലുകൾക്ക് 24 മണിക്കൂറിനുള്ളിൽ ഹൂതികൾ മറുപടി നൽകും. നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്ന കപ്പലുകൾക്ക് ഏഴുദിവസത്തേക്കാണ് യാത്രാനുമതി നൽകുന്നത്. മാനദണ്ഡങ്ങൾ പാലിച്ച് സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി ഇമെയിൽ അലേർട്ടുകൾ സബ്സ്ക്രൈബ് ചെയ്യാമെന്നും ഹൂതികളുടെ മറുപടി സന്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഹൂതികളും കപ്പൽ ജീവനക്കാരും തമ്മിലുള്ള ഇമെയിൽ ആശയവിനിമയങ്ങളും വോൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ടു.
സനായിൽ സൗദി സഖ്യസേനയുടെ ആക്രമണം; 22 പേർ കൊല്ലപ്പെട്ടെന്ന് ഹൂതികൾ
യെമൻ തലസ്ഥാനമായ സനായിലെ അൽ ശരിയാ മേഖലയിൽ ശനിയാഴ്ച സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായും 30 പേർക്ക് പരുക്കേറ്റതായും ഹൂതികൾ ആരോപിച്ചു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്ന് ഹൂതി മാധ്യമങ്ങളെ ഉദ്ധരിച്ച് സബ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആരോഗ്യപ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഹൂതികളുടെ ആരോപണം. ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഹൂതി മാധ്യമങ്ങൾ പുറത്തുവിട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

2014 മുതൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് സനാ
വെള്ളിയാഴ്ച തായിസ് പ്രവിശ്യയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി ഹൂതികളും സൗദി സഖ്യസേനയുടെ പിന്തുണയുള്ള യെമൻ സർക്കാരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
രാജ്യത്ത് സംഘർഷം പുനരാരംഭിച്ചതിനുശേഷം കുറഞ്ഞത് 1,600 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സൗദിക്ക് സൈനികസഹായവുമായി സിറിയ
ഹൂതികൾക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യയ്ക്കും ഏഡൻ ആസ്ഥാനമായുള്ള യെമൻ സർക്കാരിനും സൈനികസഹായം നൽകാൻ സിറിയ. ആയിരക്കണക്കിന് സിറിയൻ സൈനികരെ യെമനിലും സൗദി അറേബ്യയിലുമായി വിന്യസിക്കാനാണ് നീക്കമെന്ന് സിറിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. സൈനികരിൽ ഒരു വിഭാഗം ഇതിനകം യെമനിൽ എത്തിയതായും റിപ്പോർട്ടിലുണ്ട്.
ആദ്യഘട്ടത്തിൽ ഏകദേശം 3,000 സിറിയൻ സൈനികരെ അയക്കാനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതെന്നാണ് വിവരം. വിവിധ ഘട്ടങ്ങളിലായി ആകെ 10,000 സൈനികരെ വരെ വിന്യസിക്കാനും പദ്ധതിയുണ്ട്.
സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ ഈയാഴ്ച റിയാദ് സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും ഒപ്പുവെച്ച സുരക്ഷാ-പ്രതിരോധ കരാറുകളുടെ ഭാഗമായാണ് നീക്കമെന്നാണ് റിപ്പോർട്ട്.
സിറിയൻ സൈനികരുടെ വിന്യാസം യാഥാർഥ്യമായാൽ ഹൂതികൾക്കെതിരായ പോരാട്ടത്തിൽ നേരിട്ട് പങ്കാളികളാകുന്ന പുതിയ വിദേശശക്തിയായി സിറിയ മാറും. ചെങ്കടലിലെ കപ്പൽഗതാഗത നിയന്ത്രണം, യെമനിലെ വ്യോമാക്രമണങ്ങൾ, വിദേശ സൈനിക ഇടപെടൽ എന്നിവ പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയാണ്.
