Friday, November 13, 2026

കാനഡയില്‍ EI നിയമങ്ങളില്‍ മാറ്റം; പ്രീമിയം നിരക്കും ആനുകൂല്യങ്ങളും 2027 മുതല്‍ വര്‍ധിക്കും

ഓട്ടവ: എംപ്ലോയ്മെന്റ് ഇന്‍ഷുറന്‍സ് (EI) പദ്ധതിയില്‍ 2027 ജനുവരി മുതല്‍ പ്രധാന പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. ശമ്പളത്തില്‍ നിന്നുള്ള പ്രീമിയം കിഴിവുകളും തൊഴില്‍രഹിതര്‍ക്കും മറ്റും ലഭിക്കുന്ന പ്രതിവാര ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചുകൊണ്ട് എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡ (ESDC) പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. പണപ്പെരുപ്പത്തിനും ശരാശരി വേതന വര്‍ധനവിനും ആനുപാതികമായാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കുന്നത്.

പുതിയ പരിഷ്‌കാരം അനുസരിച്ച്, 2027 ജനുവരി 1 മുതല്‍ പരമാവധി ഇന്‍ഷുറന്‍സ് വരുമാന പരിധി (Maximum Insurable Earnings) നിലവിലുള്ള 68,900 ഡോളറില്‍ നിന്ന് 70,800 ഡോളറായി ഉയരും. ഈ വരുമാന പരിധി വരെയുള്ള തുകയ്ക്ക് മാത്രമേ തൊഴിലാളികളും തൊഴിലുടമകളും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കേണ്ടതുള്ളൂ. ഇതോടെ കെബെക്ക് ഒഴികെയുള്ള പ്രവിശ്യകളിലെ തൊഴിലാളികളുടെ പ്രീമിയം നിരക്ക് 100 ഡോളറിന് 1.63 ഡോളറില്‍ നിന്ന് 1.64 ഡോളറായി വര്‍ധിക്കും. വാര്‍ഷിക പരമാവധി പ്രീമിയം 1,161.12 ഡോളറായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, സ്വന്തമായി പാരന്റല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുള്ള കെബെക്കില്‍ തൊഴിലാളികളുടെ പ്രീമിയം നിരക്ക് 1.30 ഡോളറില്‍ നിന്ന് 1.29 ഡോളറായി കുറയുമെങ്കിലും വരുമാന പരിധി ഉയര്‍ന്നതിനാല്‍ വാര്‍ഷിക പരമാവധി വിഹിതം 913.32 ഡോളറായിരിക്കും.

തൊഴില്‍രഹിതര്‍ക്കും അവധിയിലുള്ളവര്‍ക്കും ലഭിക്കുന്ന പ്രതിവാര ആനുകൂല്യങ്ങളിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. 2026 ഡിസംബര്‍ 27-നോ അതിനുശേഷമോ ആരംഭിക്കുന്ന ക്ലെയിമുകള്‍ക്ക് പരമാവധി പ്രതിവാര ആനുകൂല്യം 729 ഡോളറില്‍ നിന്ന് 749 ഡോളറായി ഉയരും. സാധാരണ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, അസുഖ അവധി, പ്രസവാവധി, കെയര്‍ഗിവിംഗ് ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ 20 ഡോളറിന്റെ വര്‍ധനവ് ബാധകമാണ്. കൂടാതെ, എക്സ്റ്റന്‍ഡഡ് പാരന്റല്‍ ബെനിഫിറ്റ് (Extended Parental Benefits) ആഴ്ചയില്‍ 437 ഡോളറില്‍ നിന്ന് 449 ഡോളറായും ഉയര്‍ത്തിയിട്ടുണ്ട്. ശരാശരി പ്രതിവാര വരുമാനത്തിന്റെ 55 ശതമാനമാണ് സാധാരണയായി ആനുകൂല്യമായി ലഭിക്കുക.

ഇതിനുപുറമെ, തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന താല്‍ക്കാലിക ഇളവുകള്‍ 2027-ലും തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ ക്ലെയിമുകള്‍ക്കുള്ള ഒരാഴ്ചത്തെ കാത്തിരിപ്പ് കാലാവധി ഒഴിവാക്കിയ നടപടിയും പിരിച്ചുവിടല്‍ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഇളവുകളും 2027 ഒക്ടോബര്‍ 9 വരെ നീട്ടി. ദീര്‍ഘകാലം ജോലി ചെയ്തവര്‍ക്ക് (Long-tenured workers) ലഭിക്കുന്ന 20 ആഴ്ചത്തെ അധിക തൊഴിലില്ലായ്മ ആനുകൂല്യം 2027 ജൂണ്‍ 12 വരെയും തുടരും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടാനുള്ള കുറഞ്ഞ വാര്‍ഷിക വരുമാന പരിധി 9,515 ഡോളറായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!