Sunday, November 15, 2026

തിരുവനന്തപുരം ചാല സ്വർണക്കവർച്ച: അഞ്ച് പേർ അറസ്റ്റിൽ; 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്തെ ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആന്റണി, അമുൽ, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 400 ഗ്രാമിലധികം സ്വർണം പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചാല സ്വദേശി ശ്രാവണിനായി തെരച്ചിൽ തുടരുകയാണ്.

ബിസിനസ് തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാലയിൽ സ്വർണവ്യാപാരം നടത്തുന്ന അമുലും ദിലീപും ചേർന്ന് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷൻ നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

അനിൽ പ്രസാദും വിനോദ് ആന്റണിയുമാണ് ബൈക്കിലെത്തി നന്ദകുമാറിൽ നിന്ന് സ്വർണം കവർന്നതെന്നാണ് കണ്ടെത്തൽ. കവർച്ചയ്ക്ക് ശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെടുകയും പിന്നീട് ഹൈവേയ്ക്ക് സമീപം കാത്തുനിന്ന കാറിൽ കയറി യാത്ര തുടരുകയുമായിരുന്നു.

സംഘം ആദ്യം തമിഴ്നാട്ടിലേക്കും പിന്നീട് ബെംഗളൂരു, മൈസൂരു വഴി വയനാട്ടിലേക്കും കടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. വയനാട്ടിലെത്തിയ സംഘം പരിചയക്കാരനായ രാജീവിനെ ബന്ധപ്പെട്ട് താമസസൗകര്യം തേടിയിരുന്നു. തുടർന്ന് പൊലീസിന്റെ നീക്കത്തിനിടെ വാഹനം തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.

ഇതിനിടെ വാഹനത്തിൽ നിന്ന് ശ്രാവൺ ഓടി രക്ഷപ്പെട്ടതായാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് കവർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

നവംബർ 12-ന് രാത്രിയാണ് ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാർ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം സ്വർണമടങ്ങിയ ബാഗ് കവർന്നത്. ഏകദേശം 2.6 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോയോളം സ്വർണമാണ് നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!