ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ഖേഷം ദ്വീപില്‍ വീണ്ടും സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഖേഷം നഗരത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടായതെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ സൈന്യമാണെന്ന് ഇറാന്‍ അധികൃതര്‍ ആരോപിച്ചു.
കഴിഞ്ഞ ആഴ്ച ഖേഷം ദ്വീപിന് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഈ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് കഴിഞ്ഞ ദിവസം ഇറാന്‍ ബഹ്റൈനിലേക്ക് പ്രത്യാക്രമണം നടത്തിയത്.
അതേസമയം, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ക്ക് ‘വിനാശകരമായ’ തിരിച്ചടി നല്‍കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മുന്നറിയിപ്പ് നല്‍കി. അമേരിക്ക മുന്‍പെങ്ങുമില്ലാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇറാന്റെ ഭീഷണി ഭയന്ന് ആരും അവരെ സഹായിക്കാന്‍ എത്തുന്നില്ലെന്നും ഐആര്‍ജിസി മേധാവി മേജര്‍ ജനറല്‍ അഹമ്മദ് വാഹിദി പറഞ്ഞു. അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് ഇറാന്‍ സൈന്യം കനത്ത പ്രഹരമേല്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ ‘ഡേര്‍ട്ടി ബോംബ്’ സ്ഫോടനം നടത്താന്‍ ഇറാന്‍ പദ്ധതിയിടുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ശക്തമായ താക്കീതുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഒരു രാജ്യവും നല്‍കാത്ത തരത്തിലുള്ള കനത്ത വില ഇറാന്‍ നല്‍കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, അമേരിക്കയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ പൂര്‍ണമായും തള്ളി. രാസായുധ ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് യാതൊരു പദ്ധതിയുമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
