കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് സഹോദരൻ ദാവൂദ് മുഹമ്മദ്. ‘നിയോഗം വലുതാണെങ്കിൽ പരീക്ഷണവും വലുതായിരിക്കും’ എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.’നിയമപോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇൻഷാ അല്ലാഹ്, നിയമപോരാട്ടം തുടരും. കൂടെ നിന്ന എല്ലാവർക്കും ഉമ്മ’ എന്നും അദ്ദേഹം കുറിച്ചു.
കേസിൽ ചില പ്രതികൾ കുറ്റവിമുക്തരായതിന് പ്രധാന സാക്ഷികൾ കോടതിയിൽ ഹാജരാകാത്തത് കാരണമായെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കോടതി അംഗീകരിച്ചെങ്കിലും ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷികൾ മൊഴി നൽകാൻ എത്താത്തത് കേസിൽ തിരിച്ചടിയായെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഗൂഢാലോചന നടത്തിയാണ് കൊലപാതകമെന്ന് വ്യക്തമാണ്. ഭയം കാരണം ഗൂഢാലോചനയുമായി ബന്ധപ്പെട്ട സാക്ഷികൾ കോടതിയിലെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമപരമായി സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
