Friday, November 20, 2026

ബ്രാംപ്ടണ്‍ പ്ലാന്റ് വില്‍പ്പന: സ്റ്റെല്ലാന്റിസുമായുള്ള ചര്‍ച്ച ഫലപ്രദമെന്ന് ഡഗ് ഫോര്‍ഡ്

ടൊറന്റോ: ബ്രാംപ്ടണ്‍ അസംബ്ലി പ്ലാന്റ് വില്‍ക്കാനുള്ള വാഹന നിര്‍മ്മാണ കമ്പനിയായ സ്റ്റെല്ലാന്റിസിന്റെ (Stellantis) തീരുമാനവുമായി ബന്ധപ്പെട്ട് കമ്പനി ഉന്നതരുമായി ചര്‍ച്ച വെല്ലുവിളി നിറഞ്ഞതെങ്കിലും ഫലപ്രദമായിരുന്നുവെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. പ്ലാന്റ് അടച്ചുപൂട്ടാനോ വില്‍ക്കാനോ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതിനായി പോരാട്ടം തുടരുമെന്നും ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കന്‍ താരിഫുകള്‍ക്ക് പുറമെ കാനഡയിലെ ഹരിതഗൃഹ വാതക ബഹിര്‍ഗമന ചെലവുകളും (greenhouse gas emissions), ബ്രിട്ടീഷ് കൊളംബിയ, കെബെക്ക് എന്നിവിടങ്ങളിലെ സീറോ-എമിഷന്‍ വാഹന നയങ്ങളും കാനഡയിലെ നിര്‍മ്മാണ മേഖലയുടെ മത്സരക്ഷമത കുറയ്ക്കുന്നതായി സ്റ്റെല്ലാന്റിസ് ചര്‍ച്ചയില്‍ വ്യക്തമാക്കി. ഓരോ കാര്‍ നിര്‍മ്മിക്കുമ്പോഴും ഈ നിയന്ത്രണങ്ങള്‍ കാരണം കമ്പനിക്ക് നഷ്ടം സംഭവിക്കുകയാണെന്ന് അവര്‍ അറിയിച്ചതായി ഫോര്‍ഡ് പറഞ്ഞു. അമേരിക്കയില്‍ ഇത്തരം അധിക ചെലവുകള്‍ ഇല്ലാത്തതിനാല്‍ കനേഡിയന്‍ കമ്പനികള്‍ക്കും തുല്യ അവസരം ഒരുക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഈ നിരക്കുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹരിതഗൃഹ വാതക നികുതി ഇനത്തില്‍ സ്റ്റെല്ലാന്റിസ് പ്രതിവര്‍ഷം 330 മില്യണ്‍ ഡോളറാണ് മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്നതെന്നും, ഈ തുക ബ്രാംപ്ടണ്‍ പ്ലാന്റ് നിലനിര്‍ത്താന്‍ ഉപയോഗിക്കാനാകുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഒന്റാരിയോ സാമ്പത്തിക വികസന മന്ത്രി വിക് ഫെഡെലി പറഞ്ഞു. പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കമ്പനിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.

കനേഡിയന്‍ പ്രതിരോധ കരാറുകാരായ റോഷലിന് (Roshel) പ്ലാന്റ് വില്‍ക്കാന്‍ നവംബര്‍ 9-ന് തീരുമാനിച്ചതു മുതല്‍ ഫെഡറല്‍ സര്‍ക്കാരും തൊഴിലാളി യൂണിയനും കടുത്ത എതിര്‍പ്പിലാണ്. വെള്ളിയാഴ്ച നടന്ന ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും പ്ലാന്റ് വില്‍പ്പനയുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ സ്റ്റെല്ലാന്റിസ് ഉറച്ചുനിന്നതായി യൂണിഫോര്‍ (Unifor) ദേശീയ പ്രസിഡന്റ് ലാന പെയ്ന്‍ സ്ഥിരീകരിച്ചു. തീരുമാനം മാറ്റിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും അടുത്ത ആഴ്ച ചര്‍ച്ചകള്‍ തുടരാന്‍ എല്ലാ കക്ഷികളും സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റെല്ലാന്റിസ് നോര്‍ത്ത് അമേരിക്ക സി.ഒ.ഒ പാബ്ലോ ഡി സി അടുത്ത ആഴ്ച കാനഡ സന്ദര്‍ശിക്കും.

കാനഡയിലെ പ്രവര്‍ത്തനങ്ങളുടെയും ജീവനക്കാരുടെയും ഭാവിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സര്‍ക്കാരുകളുമായും യൂണിയനുമായും ക്രിയാത്മകമായ ചര്‍ച്ചകള്‍ തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്റ്റെല്ലാന്റിസ് കാനഡ പ്രസ്താവനയില്‍ അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത ഫെഡറല്‍ വ്യവസായ മന്ത്രി മെലാനി ജോളി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!