ഓട്ടവ: കാനഡയിലെ വിവിധ തൊഴില്‍ മേഖലകളിലെ പുതിയ ശരാശരി വേതന (Median Wage) കണക്കുകള്‍ എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡ (ESDC) പുറത്തുവിട്ടു. 2026 നവംബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ജോബ് ബാങ്ക് കണക്കുകള്‍ പ്രകാരം, രാജ്യത്തെ 515 തൊഴില്‍ വിഭാഗങ്ങളില്‍ 416 എണ്ണത്തിലും (80.8%) ശരാശരി വേതനം വര്‍ധിച്ചു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) അപേക്ഷകളെയും ഒന്റാരിയോ ഉള്‍പ്പെടെയുള്ള പ്രവിശ്യകളിലെ കുടിയേറ്റ നടപടികളെയും നേരിട്ട് ബാധിക്കുന്നതാണ് ഈ മാറ്റം.
കഴിഞ്ഞ വര്‍ഷം നവംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ആകെ പരിശോധിച്ച 515 ജോലികളില്‍ 53 എണ്ണത്തില്‍ വേതനം കുറയുകയും 46 എണ്ണത്തില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തു. പ്രൊഫഷണല്‍, ടെക്നിക്കല്‍, ആരോഗ്യ സംരക്ഷണം, ഗതാഗതം, സേവന മേഖലകള്‍, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള മറ്റ് ജോലികള്‍ എന്നിവയിലാണ് പ്രധാനമായും ശമ്പള വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശതമാനം വേതന വര്‍ദ്ധനവ് (23.4%) ലഭിച്ചത് എഞ്ചിനീയറിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കും റെഗുലേറ്ററി ഓഫീസര്‍മാര്‍ക്കുമാണ്. കൂടാതെ, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ എന്നീ പ്രവിശ്യകളില്‍ ഫാമിലി ഡോക്ടര്‍മാരുടെ വാര്‍ഷിക ശമ്പളത്തിലും വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ജോബ് ബാങ്ക് പ്രസിദ്ധീകരിക്കുന്ന ഈ കണക്കുകള്‍ വിവിധ മേഖലകളിലെ വേതന നിലവാരം മനസ്സിലാക്കുന്നതിനുള്ള ഔദ്യോഗിക മാനദണ്ഡം മാത്രമാണ്. ഇതിനര്‍ത്ഥം നിലവില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും സ്വയമേവ ശമ്പള വര്‍ദ്ധനവ് ലഭിക്കുമെന്നല്ല. എന്നാല്‍, താല്‍ക്കാലിക വിദേശ തൊഴിലാളി പദ്ധതിയുടെ (TFWP) കീഴില്‍ പോസിറ്റീവ് എല്‍.എം.ഐ.എ വഴി വിദേശികളെ നിയമിച്ച തൊഴിലുടമകള്‍, തങ്ങളുടെ ജീവനക്കാരുടെ വേതനം വര്‍ഷത്തിലൊരിക്കല്‍ പരിശോധിച്ച് പുതിയ നിരക്കിനനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്.
പുതുക്കിയ നിരക്കുകള്‍ പ്രകാരം വേതനം ക്രമീകരിക്കുന്നതിനായി തൊഴിലുടമകള്‍ക്ക് 2027 ജനുവരി 1 വരെയാണ് സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. കൂടാതെ, നവംബര്‍ 18-ന് ശേഷം പുതിയ എല്‍.എം.ഐ.എ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന തൊഴിലുടമകളും ഒന്റാരിയോ ഇമിഗ്രേഷന്‍ നോമിനി പ്രോഗ്രാം (OINP) വഴി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളും അതത് പ്രദേശത്തെ പുതിയ ജോബ് ബാങ്ക് വേതന നിരക്കുകള്‍ ഉറപ്പുവരുത്തേണ്ടതാണ്. നിശ്ചിത മാനദണ്ഡത്തേക്കാള്‍ കുറഞ്ഞ വേതനം വാഗ്ദാനം ചെയ്യുന്ന അപേക്ഷകള്‍ നിരസിക്കപ്പെടാനും തൊഴിലുടമകള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
