ഓട്ടവ: കാനഡയിലെ പ്രമുഖ ടെലികോം കമ്പനികളായ റോജേഴ്സ്, ബെൽ, ടെലസ് എന്നിവയുടെ കസ്റ്റമർ കെയർ സേവനങ്ങളിലെ കാലതാമസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉപഭോക്താക്കൾക്ക് കസ്റ്റമർ കെയർ പ്രതിനിധിയുമായി സംസാരിക്കാൻ പരമാവധി 10 മിനിറ്റിനുള്ളിൽ അവസരം ഉറപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒന്റാരിയോ സ്വദേശി ഫ്രാങ്ക് ബ്രൗൺ.
അമ്മയുടെ ടെലികോം അക്കൗണ്ടിൽ അധികമായി ഈടാക്കിയ 25 ഡോളറിന്റെ ബില്ലിനെക്കുറിച്ച് അന്വേഷിക്കാൻ ഏകദേശം ഒരു മണിക്കൂറോളം ഫോണിൽ കാത്തിരിക്കേണ്ടി വന്നതാണ് ബ്രൗണിനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്. സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ഉപഭോക്താക്കളുടെ പിന്തുണയോടെ കസ്റ്റമർ കെയർ സേവനങ്ങൾക്ക് സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഓൺലൈൻ നിവേദനവും ആരംഭിച്ചു.
ഓൺലൈൻ നിവേദനത്തിൽ ഇതിനകം 1,200-ലധികം പേർ പിന്തുണ അറിയിച്ചിട്ടുണ്ട്. പാർലമെന്ററി നിവേദനത്തിൽ 425 പേരും ഒപ്പുവെച്ചിട്ടുണ്ട്. ഈ മാസം 26-നകം 500 ഒപ്പുകൾ തികഞ്ഞാൽ വിഷയത്തിൽ ഫെഡറൽ സർക്കാരിന് ഔദ്യോഗികമായി മറുപടി നൽകേണ്ടിവരും.
2025-26 കാലയളവിൽ ടെലികോം മേഖലയിലെ പരാതികളിൽ 79 ശതമാനം വർധനയുണ്ടായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ചതും കസ്റ്റമർ കെയർ സേവനങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നതുമാണ് ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ വർധിക്കാൻ കാരണമെന്ന് മേഖലയിലെ വിദഗ്ധനായ മുഹമ്മദ് ഹലാബി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കസ്റ്റമർ കെയർ സേവനങ്ങളിലെ ശരാശരി കാത്തിരിപ്പ് സമയം ഏഴ് മിനിറ്റാണെന്നാണ് റോജേഴ്സിന്റെ വിശദീകരണം. എന്നാൽ കാത്തിരിപ്പ് നീണ്ടതിനെ തുടർന്ന് കോൾ അവസാനിപ്പിച്ച് മടങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
സ്പെയിനിൽ കസ്റ്റമർ കെയർ പ്രതിനിധിയുമായി മൂന്ന് മിനിറ്റിനുള്ളിൽ ബന്ധപ്പെടാൻ കഴിയുന്ന തരത്തിലുള്ള നിയമം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാനഡയിലും സമാനമായ കർശന നിയന്ത്രണങ്ങൾ വേണമെന്ന് ബ്രൗൺ ആവശ്യപ്പെടുന്നത്.
അടുത്ത ആഴ്ച നടക്കുന്ന കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (CRTC) ഹിയറിങ്ങിൽ ഉപഭോക്താക്കളുടെ അവകാശങ്ങളും കസ്റ്റമർ കെയർ സേവനങ്ങളിലെ കാത്തിരിപ്പ് സമയവും സംബന്ധിച്ച വിഷയം ഉന്നയിക്കാനാണ് ബ്രൗണിന്റെ നീക്കം. 10 മിനിറ്റ് സമയപരിധി സംബന്ധിച്ച ആവശ്യം സർക്കാർ പരിഗണിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
