ഓട്ടവ : കമ്മ്യൂണിറ്റിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്നതായും രോഗം കാരണം ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ ഡിസംബറിനേക്കാൾ ഉയർന്നതായും ഓട്ടവ ആരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. വെരാ എച്ചസ് മുന്നറിയിപ്പ് നൽകി.
നവംബർ 21-27 വരെയുള്ള ആഴ്‌ചയിൽ കോവിഡ് കാരണം ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ ഏഴ് ദിവസത്തെ ശരാശരി 79 ആയിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ശരാശരി എണ്ണം 27 ആയിരുന്നു.
പ്രായമായവരിലാണ് കോവിഡ് അണുബാധ കൂടുതൽ ബാധിച്ചിരിക്കുന്നതെന്നും ഡോ. വെരാ എച്ചസ് പറയുന്നു. പ്രായമായവരിൽ-60 വയസ്സിനു മുകളിലുള്ളവരിലും പ്രത്യേകിച്ച് 80 വയസ്സിനു മുകളിലുള്ളവരിലും ആശുപത്രി പ്രവേശനവും മരണവും ഉയരുന്നതായും വെരാ എച്ചസ് അറിയിച്ചു. പ്രായമായവരിൽ കോവിഡിനെതിരെയുള്ള പ്രതിരോധശേഷി കുറയുന്നു. അതിനാൽ പ്രായമായവരിൽ പലരും അപകടത്തിലാണ്, അവർ കൂട്ടിച്ചേർത്തു.
ജനങ്ങൾ, പ്രത്യേകിച്ച് പ്രായമായവർ കോവിഡ്, ഫ്ലൂ വാക്സിനുകൾ സ്വീകരിക്കണമെന്നും വെരാ എച്ചസ് നിർദ്ദേശിച്ചു. കോവിഡ്, ഫ്ലൂ വാക്‌സിനുകൾ ഫാർമസികൾ, പബ്ലിക് ഹെൽത്ത് ക്ലിനിക്കുകൾ എന്നിവയിലൂടെ ലഭ്യമാണെന്നും ഡോ. വെരാ എച്ചസ് അറിയിച്ചു.