ഓട്ടവ : കാനഡയിലെ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് 2.5 മുതൽ 4.5 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് കാനഡയുടെ 2024-ലെ ഭക്ഷ്യവില റിപ്പോർട്ട്. 2022-ൽ, മൊത്തത്തിലുള്ള ഭക്ഷ്യവില വർധന അഞ്ച് മുതൽ ഏഴ് ശതമാനം വരെ ആയിരിക്കുമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. ഭക്ഷ്യ പണപ്പെരുപ്പ നിരക്ക് 5.9 ശതമാനമായിരിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാജ്യത്തുടനീളമുള്ള കാട്ടുതീയും വെള്ളപ്പൊക്കവും പോലുള്ള വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ച കാലാവസ്ഥാ സംഭവങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളാണ് വിലക്കയറ്റത്തിന് കാരണമാകുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക, രാഷ്ട്രീയ പ്രശ്‌നങ്ങളെല്ലാം ഭക്ഷണച്ചെലവിനെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
2023-ൽ ഉക്രെയ്നിലെ യുദ്ധം ഗോതമ്പ്, സൂര്യകാന്തി എണ്ണ, രാസവളങ്ങൾ തുടങ്ങി നിരവധി വസ്തുക്കളുടെ വിലയെ ബാധിച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ സമീപകാല സംഘർഷം എണ്ണവില വർധിപ്പിക്കുമെന്നും അത് ഭക്ഷ്യവിലക്കയറ്റത്തിന് കാരണമായേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രവിശ്യകൾ അനുസരിച്ച്, ആൽബർട്ട, മാനിറ്റോബ, ന്യൂബ്രൺസ് വിക്, നോവസ്കോഷ, ഒന്റാരിയോ, സസ്കാച്വാൻ എന്നിവിടങ്ങളിൽ 2024-ൽ മൊത്തത്തിലുള്ള ഭക്ഷണച്ചെലവ് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ക്യുബെക്ക് എന്നിവിടങ്ങളിൽ ഭക്ഷ്യവിലപ്പെരുപ്പം കുറയുമെന്നും ബ്രിട്ടിഷ് കൊളംബിയയുടെ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് താരതമ്യേന അതേപടി തുടരുമെന്നുമാണ് പ്രവചനം.
പാസ്ത, അരി, ബേക്കറി ഇനങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് വില ഉയർന്നു. കൂടാതെ ചില മാംസം ഉൽപന്നങ്ങൾ, അതായത്, ഗോമാംസം ഉയർന്ന വിലയിൽ തുടരുന്നു. എന്നാൽ, പന്നിയിറച്ചിക്ക് കഴിഞ്ഞ 12 മാസത്തിനുള്ളിൽ വില കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. നോട്ട്സ് ലെറ്റൂസ്, ഏത്തപ്പഴം, മൈദ, മൈദ അടിസ്ഥാനമാക്കിയുള്ള മിശ്രിതങ്ങൾ എന്നിവയ്ക്ക് വില കുറഞ്ഞു.
2024-ൽ ബേക്കറി ഉൽപന്നങ്ങൾ, മാംസം, പച്ചക്കറികൾ എന്നിവയ്ക്ക് അഞ്ച് മുതൽ ഏഴ് ശതമാനം വരെ വില വർധന പ്രതീക്ഷിക്കുന്നു. കൂടാതെ എല്ലാ ഭക്ഷ്യ വിഭാഗങ്ങളുടെയും വിലകൾ 4.5 ശതമാനം വരെ ഉയരും. പാലിനും പഴങ്ങൾക്കും ഒരു ശതമാനത്തിനും മൂന്ന് ശതമാനത്തിനും ഇടയിൽ നിരക്ക് വർധന പ്രതീക്ഷിക്കുന്നു. അതേസമയം സീഫുഡ്, റസ്റ്റോറന്റ് ഭക്ഷണം എന്നിവയ്ക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വർധനയും പ്രതീക്ഷിക്കുന്നു.
2024-ൽ നാല് അംഗങ്ങൾ അടങ്ങുന്ന ഒരു കുടുംബത്തിനെ പോറ്റാൻ പ്രതിവർഷം ഏകദേശം 16,297.20 ഡോളർ ചിലവ് വരുമെന്ന് 2024-ലെ ഭക്ഷ്യവില റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് 2023-നേക്കാൾ 701.79 ഡോളർ കൂടുതലാണ്.
2023-ൽ ഗ്രോസറി മേഖലയുടെ എല്ലാ വിഭാഗങ്ങളെയും വിലക്കയറ്റം ബാധിച്ചതായി ഡൽഹൗസി സർവകലാശാല പ്രൊഫസറും ഡയറക്ടറുമായ സിൽവെയിൻ ചാൾബോയിസ് പറയുന്നു. പുതുവർഷത്തിൽ 2.5 ശതമാനം മുതൽ 4.5 ശതമാനം വരെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിക്കുന്നു, ചാൾബോയിസ് പറഞ്ഞു. വിലനിരക്ക് ഉയരുന്നതിനാൽ ഗ്രോസറി സ്റ്റോർ ഉടമകൾ, ഉപഭോക്താക്കൾക്ക് ലോയൽറ്റി പ്രോഗ്രാമുകളും മറ്റു ഡീലുകളുംവാഗ്ദാനം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി ചാൾബോയിസ് അറിയിച്ചു.