ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 90,000ൽ നിന്ന് 80,000 ആക്കി കുറച്ചു. ക്രമാതീതമായ ഭക്തജന തിരക്കു കണക്കിലെടുത്തു സംസ്ഥാന സർക്കാരും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും സംയുക്തമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണു ബുക്കിങ് പരിധി കുറയ്ക്കാൻ തീരുമാനമായത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്പോട്ട് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
ശബരിമലയിലെ അനിയന്ത്രിത തിരക്ക് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി വിഷയത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു. 76500 പേർക്ക് പ്രതിദിനം ദർശനം നടത്താൻ കഴിയുന്നിടത്ത് ലക്ഷത്തിൽ അധികം പേർ എത്തുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ദർശനസമയം കൂട്ടുന്നതിനെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞു. പുലർച്ചെ മൂന്നിന് നട തുറന്നത് മുതൽ ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. വെർച്വൽ ക്യൂ സംവിധാനം മുഖേനെ ഇന്ന് 90000 ഭക്തരാണ് ദർശനത്തിനെത്തിയത്.

എന്നാൽ ദർശനം സമയം കൂട്ടാൻ ആകില്ലെന്ന് ക്ഷേത്രം തന്ത്രി ഹൈക്കോടതിയെ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാൻ ആകുമെന്ന് പോലീസും മറുപടി നൽകി.
