കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേദം സ്ഥീരീകരിച്ച സാഹചര്യത്തിൽ കർണാടകയിൽ ജനങ്ങൾക്ക് മാസ്‌ക് ധരിക്കാൻ നിർദേശം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഹൃദയസംബന്ധമായ രോഗങ്ങളും മറ്റ് അസുഖങ്ങളുമുള്ളവർ മാസ്‌ക് ധരിക്കണമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു നിർദേശം നൽകി. ഇതു സംബന്ധിച്ച മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്നും മന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു.
‘ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കൊവിഡുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കഴിഞ്ഞ ദിവസം യോഗം ചേർന്ന് വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം’- മന്ത്രി നിർദേശം നൽകി.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മാത്രം 111 കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ ഒരു മരണത്തിന് കാരണം കൊവിഡെന്ന് വിലയിരുത്തൽ. ഇന്നലെ 122 കേസുകളാണ് ആകെ സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് 1828 ആക്ടീവ് കേസുകളാണുള്ളത്.