ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ റിലീസ് തടയില്ല. റിലീസ് തടയണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അതേസമയം ഹർജിയിൽ ഹൈക്കോടതി സംവിധായകൻ ജീത്തു ജോസഫിനും മോഹൻലാലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും വിഷയത്തിൽ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് തടയണം എന്ന ആവശ്യം ഉന്നയിച്ച് എഴുത്തുകാരൻ ദീപക് കെ ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്.

സംവിധായകൻ ജീത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിയും ചേർന്ന് തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹർജിയിലെ ആരോപണം. ഹർജി പരിഗണിച്ച കോടതി മോഹൻലാൽ, അന്റണി പെരുമ്പാവൂർ , ജീത്തു ജോസഫ് എന്നിവർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.
49 പേജ് അടങ്ങിയ തന്റെ കഥയുടെ പകർപ്പ് ഇരുവരും 3 വർഷം മുൻപ് കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ നിർബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു. നേര് സിനിമയുടെ ട്രെയിലർ കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതെന്ന് ദീപക് ഉണ്ണി പറയുന്നു.