ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ കുട്ടികൾ ഉൾപ്പടെയുള്ളവരെ പരിചരിക്കുക എന്ന ലക്ഷ്യത്തോടെ നാലാമത്തെ യുഎഇ മെഡിക്കൽ സംഘം ഗാസയിലേക്ക് പുറപ്പെട്ടു. മെഡിക്കൽ ടീമിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ ഏഴ് പേരാണുള്ളത്. 35 വളണ്ടിയേഴ്‌സ് ആണ് ഇതോടെ യുഎഇയിൽ നിന്നും ഗാസയിൽ സന്നദ്ധ സേവനത്തിലേർപ്പെട്ടിരിക്കുന്നത്. ഗാലന്റ് നൈറ്റ് 3ന്റെ ഭാഗമായാണ് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശമനുസരിച്ച് സംഘം ഗാസയിലേക്ക് തിരിച്ചത്.

ഇതുവരെ 443 ൽ അധികം രോഗികൾക്കാണ് മെഡിക്കൽ സംഘം ചികിത്സ നൽകിയത്. അടിയന്തര സർജറികളും ഉൾപ്പെടുന്ന ഫീൽഡ് ആശുപത്രി തുടങ്ങുകയും ചെയ്തു. യുഎഇ മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് രോഗികൾക്ക് സമഗ്രമായ ചികിത്സയാണ് ഉറപ്പാക്കുന്നത്.