കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ചിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഒന്നാം പ്രതിയായി ചേർത്തു. വി ഡി സതീശൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ തുടങ്ങിയവരെയും കേസിൽ പ്രതി ചേർത്തു.
കൂടാതെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയും പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പോലീസിനെ ആക്രമിക്കുക, ഫ്ലക്സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി മ്യൂസിയം പോലീസാണ് കേസെടുത്തത്.

കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ ഇന്ന് വലിയ സംഘർഷമാണ് ഉടലെടുത്തത്. വി ഡി സതീശൻ സംസാരിക്കുന്നതിനിടയിലായിരുന്നു സംഘർഷമുണ്ടായത്. സതീശൻ സംസാരിക്കുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിയുകായയിരുന്നു.
ഇതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിൽ കെ സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.