അബൂദബി: യു എ ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ ആസ്തികൾ പുതിയ ചരിത്രം രേഖപ്പെടുത്തി. ആസ്തി നാല് ട്രില്യൺ ദിർഹത്തിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അറബ്, ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ആണ് യു എ ഇ ബാങ്കിങ് മേഖല.

യുഎഇയിലെ ബാങ്കുകൾക്ക് വലിയ അളവിലുള്ള പണലഭ്യത, ഉയർന്ന റേറ്റിംഗുകൾ, ഉയർന്ന നിലവാരമുള്ള ആസ്തികൾ, സ്വീകാര്യത ലഭിക്കുന്ന ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നു തുടങ്ങിയവയാണ് മേഖലയിലെ ബാങ്കുകളുടെ മുൻനിരയിൽ നിർത്തുന്നതും ഉയർന്ന തലത്തിലുള്ള ആഗോള പ്രശസ്തിക്ക് കരണമാവുന്നതെന്നും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ഒക്ടോബറിൽ മൊത്തം ബാങ്ക് നിക്ഷേപങ്ങളും 1.4 ശതമാനം വർദ്ധിച്ചു. റസിഡന്റ് ഡെപ്പോസിറ്റുകളിൽ 0.9 ശതമാനവും നോൺ റസിഡന്റ് ഡിപ്പോസിറ്റുകളിൽ 7.4 ശതമാനവും വർധിച്ചതാണ് ബാങ്ക് നിക്ഷേപത്തിലെ വളർച്ചയ്ക്ക് കാരണമെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. സെൻട്രൽ ബാങ്കിന്റെ വിദേശ ആസ്തിയും 600 ബില്യൺ ദിർഹത്തിലേക്ക് അടുക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കി.