ഗൂഗിളും ആമസോണും ഉൾപ്പെടെയുള്ള ആറ് ടെക് ഭീമൻമാർ ഉടൻ തന്നെ ഇന്ത്യയിൽ നിയമനങ്ങൾ താൽക്കാലികമായി നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഐടി മേഖലയിലെ ജീവനക്കാരുടെ സ്വപ്ന തൊഴിലിടങ്ങളാണ് ഗൂഗിളും ഫേസ്ബുക്കും (മെറ്റ) ആമസോണുമടക്കമുള്ള ടെക് കമ്പനികൾ. എന്നാൽ, ഈ കമ്പനികൾ ഇന്ത്യയിൽ സമ്പൂർണ്ണമായി നിയമനങ്ങൾ താൽക്കാലികമായി നിർത്താൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഫേസ്ബുക്ക് (മെറ്റാ പ്ലാറ്റ്‌ഫോംസ്), ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ്, ഗൂഗിൾ (ആൽഫബെറ്റ്) എന്നീ ആറ് ടെക് കമ്പനികളുടെ ഇന്ത്യയിലെ നിയമനങ്ങളിൽ കുത്തനെ ഇടിവുണ്ടായതായി ഇക്കണോമിക് ടൈംസിന്റെ ഡാറ്റയിൽ പറയുന്നു. അതായത്, മുൻവർഷത്തെ അപേക്ഷിച്ച് 2023-ൽ മൊത്തത്തിൽ 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതോടെയാണ് കമ്പനികൾ താൽക്കാലികമായി നിയമനം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.
നിലവിൽ, ഈ ടെക് ഭീമൻമാരുടെ സജീവ നിയമനം അതിന്റെ എക്കാലത്തെയും താഴ്ന്ന നിലയിലാണ്, ഇന്ത്യയിൽ ഇത് 98 ശതമാനം കുറഞ്ഞു. ടെക് കമ്പനികളെയാണ് ആഗോള സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ചത്. കാരണം യു.എസ് സമ്പദ്‌വ്യവസ്ഥയെ നേരിടുന്ന പ്രതിസന്ധി അവരുടെ വരുമാനത്തെ കാര്യമായി തന്നെ ബാധിക്കും.
സാമ്പത്തിക മാന്ദ്യം കാരണം കഴിഞ്ഞ വർഷം ഗൂഗിൾ ആയിരുന്നു ഏറ്റവും കടുത്ത നീക്കം നടത്തിയത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിൽ, 12,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്.