അജ്മാൻ: അജ്മാനിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. എമിറാത്തി കുടുംബമാണ് അപകടത്തില്‍ മരിച്ചത്. എമിറാത്തി ദമ്പതികളും രണ്ട് പെണ്‍മക്കളും മരുമകളുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്

തിങ്കളാഴ്ച പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ അജ്മാനിലെ മസ്ഫൂട്ട് ഏരിയയില്‍വെച്ചാണ് സംഭവം. കുടുംബം സഞ്ചരിച്ച വാഹനം ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടകാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അപകട വിവരം അറിഞ്ഞ ഉടനെ പെട്രോളിംഗ് സംഘവും പാരാമെഡിക്കല്‍ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.