അബുദാബി: സമൂഹത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകികൊണ്ട് മസ്ദർ സിറ്റി ആദ്യ മസ്ജിദ് തുറന്നു. ‘എസ്തിദാമ’ എന്ന പേരിൽ മസ്ദാർ പാർക്കിൽ നിർമ്മിച്ച പള്ളി കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സുസ്ഥിര മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് പള്ളി നിർമിച്ചിരിക്കുന്നത്. അഞ്ചുനേരത്തെ പ്രാർത്ഥനകളിൽ ഓരോ നേരവും 335 വിശ്വാസികളെ ഉൾക്കൊള്ളാൻ മസ്ജിദിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

500 ചതുരശ്രമീറ്ററിൽ താഴികക്കുടത്തിന്റെ ഘടനയിലാണ് പള്ളിയുടെ നിർമ്മാണം. പരമ്പരാഗത മസ്ജിദ് കെട്ടിടത്തേക്കാൾ 50 ശതമാനത്തിലധികം കുറഞ്ഞ ഊർജ്ജം, 48 ശതമാനം വെള്ളം എന്നിവ ലാഭിക്കുന്നതിന് സാധിക്കും. കെട്ടിടത്തിന്റെ ഊർജ ആവശ്യകതകൾ നേരിടാനായി സമീപത്തെ കാർ പാർക്കിങ് പ്രദേശത്ത് സോളാർ ഫോട്ടോവോൾട്ടായിക് പാനലുകളും സ്ഥാപിച്ചിട്ടുണ്ട്.
എമിറേറ്റിലെ ആദ്യത്തെ എൽഇഇഡി പ്ലാറ്റിനം പള്ളി തുറക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മസ്ദാർ സിറ്റിയുടെ സുസ്ഥിര വികസന എക്സിക്യുട്ടീവ് ഡയറക്ടർ എൻജിനിയർ മുഹമ്മദ് അൽ ബ്രെയ്ക്കി പറഞ്ഞു. സമൂഹത്തോടും വിശ്വാസത്തോടും ഭൂമിയുടെ ഉത്തരവാദിത്ത പരിപാലനത്തോടുമുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രതീകമാണ് എസ്റ്റിദാമ മസ്ജിദ്. ഒരു ആരാധനാലയം എന്നതിലുപരിയായി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു കമ്മ്യൂണിറ്റി ഒത്തുചേരുന്നതിനുള്ള സ്ഥലമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
