വാൻകൂവർ: കോസ്റ്റ് മൗണ്ടൻ ബസ് കമ്പനിയുമായുള്ള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് 180-ലധികം യൂണിയൻ ട്രാൻസിറ്റ് സൂപ്പർവൈസർമാർ ആരംഭിച്ച 48 മണിക്കൂർ പണിമുടക്ക് ബാധിച്ചത് ആയിരക്കണക്കിന് ആളുകളെയാണ്. വാൻകൂവറിനും നോർത്ത് വാൻകൂവറിനുമിടയിലുള്ള എല്ലാ സീബസ് കപ്പലുകളും റദ്ദാക്കി.
കോസ്റ്റ് മൗണ്ടൻ നടത്തുന്ന ബസ് സർവീസുകൾ തിങ്കളാഴ്ച രാവിലെ നിർത്തി. മേഖലയിലെ 96 ശതമാനം ബസ് സർവീസുകളും കോസ്റ്റ് മൗണ്ടൻ റൂട്ടുകളിലാണ്. പ്രശ്ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്ന വിൻസ് റെഡിയുമായി ചർച്ചകൾ നടത്തിയെങ്കിലും വിഷയത്തിൽ നീക്കുപോക്കായില്ല.

അതേസമയം, കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് ലോക്കൽ വാൻകൂവർ, സറേ, റിച്ച്മണ്ട്, ബർണാബി, പോർട്ട് കോക്വിറ്റ്‌ലാം എന്നിവിടങ്ങളിലും നോർത്ത് വാൻകൂവറിലെ സീബസ് ടെർമിനലിലും ട്രാൻസിറ്റ് കേന്ദ്രങ്ങൾ പിക്കറ്റ് ചെയ്യുമെന്ന് അറിയിച്ചു. സ്കൈട്രെയിൻ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ഹാൻഡിഡാർട്ട് എന്നിവയും ഏതാനും ബസ് റൂട്ടുകളും തിങ്കളാഴ്ച പ്രവർത്തനക്ഷമമായിരുന്നു.
ബസ്, സീബസ് സർവീസുകൾ ബുധനാഴ്ച പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രാൻസ്‌ലിങ്ക് അറിയിച്ചു. പണിമുടക്ക് മൂലം ടെർമിനലുകളിലേക്കുള്ള ഗതാഗതം വൈകുമെന്ന് വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളവും ബിസി ഫെറീസും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
