വടക്കുപടിഞ്ഞാറന്‍ ബിസിയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. ബ്രിട്ടിഷ് കൊളംബിയയിലെ വടക്കന്‍ ടെറെസില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഹെലി-സ്‌കീയിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണ് തകര്‍ന്ന് വീണത്.
വൈകുന്നേരം നാലരയോടെ ഹെലികോപ്ടറില്‍ നിന്നും കോള്‍ ലഭിച്ചതായും എന്നാല്‍ അഞ്ചേകാലിന് ശേഷം ഹെലികോപ്ടറുമായുളള ബന്ധം നഷ്ടപ്പെട്ടതായും വിക്ടോറിയയിലെ ജോയിന്റ് റെസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ പറഞ്ഞു. മൂന്ന് എയര്‍ ആംബുലന്‍സുകളും അഞ്ച് ഗ്രൗണ്ട് ആംബുലന്‍സുകളും ഉള്‍പ്പെടെ നിരവധി പ്രൈമറി കെയര്‍, അഡ്വാന്‍സ്ഡ് കെയര്‍, ക്രിട്ടിക്കല്‍ കെയര്‍ പാരാമെഡിക്കുകളെ സംഭവസ്ഥലത്തേക്ക് അയച്ചതായി ബിസി എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലുപേരെ ടെറെസിലെ മില്‍സ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം കണ്ടെത്താന്‍
മൗണ്ടീസുമായും മറ്റ് അധികാരികളുമായും ചേര്‍ന്ന് നോര്‍ത്തേണ്‍ എസ്‌കേപ്പ് പ്രവര്‍ത്തിക്കുമെന്ന് ഹെലി-സ്‌കീയിംഗിന്റെ പ്രസിഡന്റ് ജോണ്‍ ഫോറസ്റ്റ് പറഞ്ഞു.