ദുബായ് : ലോകത്തെ ആദ്യ സുസ്ഥിര മറൈൻ ഫയർസ്റ്റേഷൻ അവതരിപ്പിച്ച് ദുബായ് സിവിൽ ഡിഫൻസ് അതോറിറ്റി. കടലിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾ അതിവേഗത്തിൽ പരിഹരിക്കുന്ന നൂതന സംവിധാനങ്ങളോടെയാണ് മറൈൻ ഫ്ലോട്ടിങ് ഫയർ സ്റ്റേഷന്റെ നിർമാണം. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഘടനയിൽ നിർമിച്ചതിനാൽ ഫ്ലോട്ടിങ് മറൈൻ ഫയർസ്റ്റേഷന് 70 ശതമാനത്തിലധികം നിർമാണച്ചെലവ് കുറവാണ്.16 അഗ്നിശമന സേനാംഗങ്ങളെ ഉൾക്കൊള്ളാൻ സ്റ്റേഷന് ശേഷിയുണ്ട്. മണിക്കൂറിൽ 11മൈൽ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ വേഗത്തിൽ ദുരന്ത സ്ഥലങ്ങളിൽ എത്താനും രക്ഷാപ്രവർത്തനത്തിലേർപ്പെടാനും കഴിയും.

കടലിൽ ഒഴുകി നടക്കുന്നതിനാൽ ഫ്ലോട്ടിങ് സ്റ്റേഷന് നിശ്ചിത സ്ഥലമാവശ്യമില്ല. ഇതുവഴി കാൺബൺ പുറന്തള്ളലും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാനും സാധിക്കും. കടലിൽ സ്റ്റേഷന്റെ തന്ത്രപരമായ വിന്യാസം ദുബായിലെ സമുദ്ര, നാവിഗേഷൻ മേഖലകളിലുടനീളം സമഗ്ര സുരക്ഷയും നിരീക്ഷണവും സേവനവും ഉറപ്പാക്കും. കടലിലെ അപകടങ്ങൾക്ക് ദുബായുടെ പ്രതികരണശേഷി വർധിപ്പിക്കാനും കഴിയുമെന്ന് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ റാശിദ് താനി അൽ മത്റൂഷി പറഞ്ഞു.