പലസ്തീനിൽ ഇസ്രയേൽ തുടരുന്ന കൂട്ടവംശഹത്യയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ഇഷ്തയ്യ. രാജിക്കത്ത് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായും തന്റെ കീഴിലുള്ള സർക്കാർ പിരിച്ച് വിട്ടതായും അദ്ദേഹം അറിയിച്ചു. ഗാസയിലെ വംശഹത്യയും അധിനിവേശ വെസ്റ്റ് ബാങ്കിലെ ആക്രമണവുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ഇഷ്തയ്യയുടെ പ്രതികരണം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള പലസ്തീൻ അതോറിറ്റി സർക്കാരിന്റെ തലവനായിരുന്നു ഇഷ്തയ്യ. അക്കാദമിക് സാമ്പത്തിക വിദഗ്ധനായ മുഹമ്മദ് ഇഷ്തയ്യ 2019 ലായിരുന്നു പലസ്തീനിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.

വെസ്റ്റ് ബാങ്കിലും ജറുസലേമിലും നടക്കുന്ന അഭൂതപൂർവമായ സാഹചര്യങ്ങൾ കണക്കിലെടുത്തും ഗാസ മുനമ്പിലെ നിലയ്ക്കാത്ത സംഘർഷത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലുമാണ് രാജിവെക്കാനുള്ള തീരുമാനം. ഈ വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാൻ കഴിവുള്ള പുതിയ സർക്കാർ രൂപീകരിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.