ടൊറൻ്റോ : നഗരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നത് കണക്കിലെടുത്ത് ഗാർഡിനർ എക്സ്പ്രസ് വേയുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കുമെന്ന് മേയർ ഒലീവിയ ചൗ. ഇതിനായി സ്വീകരിക്കാവുന്ന നടപടികളുടെ രൂപരേഖ അടങ്ങിയ റിപ്പോർട്ട് ഉടൻ പുറത്തിറക്കുമെന്നും മേയർ അറിയിച്ചു.
എക്സ്പ്രസ് വേയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഈ വർഷം ആദ്യം ആരംഭിച്ചതു മുതൽ തിരക്കേറിയ ഹൈവേയിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഹൈവേ പുനർനിർമ്മാണത്തിനുള്ള മൂന്നു വർഷ കാലാവധി വളരെ കൂടുതലാണെന്നും പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞ മാസം കൗൺസിലിന് അയച്ച കത്തിൽ മേയർ വ്യക്തമാക്കിയിരുന്നു.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമായി പ്രവിശ്യയിലെ ഗതാഗത മന്ത്രിയുമായി നിരവധി തവണ ചർച്ച നടത്തിയതായി ഒലീവിയ ചൗ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വ്യവസായ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മേയർ വ്യക്തമാക്കി.