എഡ്മിന്റൻ : അടുത്ത എട്ട് മുതൽ പത്ത് ദിവസം വരെ ആൽബർട്ടയിലെ നിരവധി പ്രദേശങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. വടക്കൻ ആൽബർട്ട, കാൽഗറി ഉൾപ്പെടെ തെക്കൻ ആൽബർട്ടയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. അതേസമയം കാട്ടുതീ പുക പടർന്നതോടെ വടക്കൻ ആൽബർട്ടയിൽ വായു ഗുണനിലവാരം കുറയുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചൂട് കൂടുന്നതിന് അനുസരിച്ച് പ്രവിശ്യയുടെ മറ്റു പ്രദേശങ്ങളിലേക്കും മുന്നറിയിപ്പ് വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ താപനില 28 ഡിഗ്രി സെൽഷ്യസിനും 36 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. എന്നാൽ, 20 ഡിഗ്രി സെൽഷ്യസായിരിക്കും രാത്രി താപനില. കൂടാതെ ബ്രിട്ടിഷ് കൊളംബിയയിലും വടക്കുപടിഞ്ഞാറൻ സസ്കാച്വാനിലും കടുത്ത ചൂട് അനുഭവപ്പെടും.