വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമയ്ക്ക് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ജോണർ വ്യക്തമാക്കുന്ന ഒരു പ്രോമോ വിഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
നിഗൂഢതകളും ത്രില്ലിംഗ് നിമിഷങ്ങളും ഒപ്പം തമാശയും നിറഞ്ഞ സിനിമയായിരിക്കും ഇത് എന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. ഒപ്പം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് സിനിമയെ കണക്റ്റ് ചെയ്യുന്ന ചില രംഗങ്ങളും വിഡിയോയിൽ കാണാം.
ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രം അടുത്ത വർഷമാണ് റിലീസ് ചെയ്യുക.

ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവർ ചേർന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ സൗണ്ട് ഡിസൈനർ- സച്ചിൻ സുധാകരൻ, സൗണ്ട് എൻജിനീയർ- അരവിന്ദ് മേനോൻ, കലാസംവിധാനം- അബ്ദുല്ല കോയ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- ഷാജി പുൽപള്ളി തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.