Tuesday, October 14, 2025

അതിജീവനപാതയിൽ മലയാള സിനിമ, എ.ആർ.എമ്മും കിഷ്കിന്ധയും മുന്നോട്ട്..

mollywood onam movies box office collection and response of arm and kishkinda kandam out

ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച വര്‍ഷമാണ് 2024. ഇതിൽ ഇന്ത്യൻ സിനിമ വ്യവസായത്തിൽ ഏറ്റവും കളക്ഷൻ നേടിയ സിനിമ മേഖലകളിൽ ഒന്നാണ് മോളിവുഡ്. ആദ്യപാദത്തിൽ തന്നെ മലയാളം സിനിമകൾ നേടിയത് ആയിരം കോടിയിൽ അധികം കളക്ഷനായിരുന്നു. കോടികൾ തൂത്തുവാരുന്ന സാക്ഷാൽ ബോളിവുഡും ടോളിവുഡും കോളിവുഡും മലയാള സിനിമയുടെ ഉള്ളടക്കവും ബോക്സ് ഓഫീസ് പ്രകടനവും കണ്ട് ഞെട്ടിയിരുന്നു.

മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ആടുജീവിതം പോലെയുള്ള മലയാള സിനിമകൾ മറ്റ് ഇൻഡസ്ട്രികളിൽ കയറി തരംഗം സൃഷ്ടിക്കുകയും ചെയ്തു. മഞ്ഞുമ്മൽ ബോയ്സ് ഇൻഡസ്ട്രി ഹിറ്റുമായി. ഇതോടെ മോളിവുഡിൻ്റെ സീൻ തന്നെ മാറി.

ഈ പ്രതീക്ഷയിൽ മോളിവുഡ് അടിച്ച് കയറുമെന്ന് സിനിമാപ്രേമികളും പ്രതിക്ഷീച്ചിരുന്നു. അപ്പോഴാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ച് കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത്. ഇതോടെ നാല് മാസം കൊണ്ട് ആയിരം കോടിയിലേറെ ബിസിനസ് സ്വന്തമാക്കിയ മലയാള സിനിമയ്ക്ക് ഒന്ന് കാലിടറി.

ഓ​ഗസ്റ്റ് മാസമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. ഇത് മലയാള സിനിമയെ കീഴ്മേൽ മറിച്ചു. ഇതിനാൽ ചില സിനിമകള്‍ക്ക് മാത്രമാണ് മോശമല്ലാത്ത പ്രകടനം ബോക്സ് ഓഫീസിൽ കാഴ്ചവെക്കാൻ സാധിച്ചത്. സോഷ്യൽ മീഡിയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രം വാഴയും, ബേസിൽ ജോസഫിൻ്റെയും ജീത്തു ജോസഫിൻ്റെയും നുണക്കുഴിയും മികച്ച റിപ്പോർട്ടുകൾ നേടിയെടുത്തു. പക്ഷെ ഈ ചിത്രങ്ങളുടെ ഷോകളുടെ എണ്ണം റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദത്തിൽ 50 ശതമാനത്തിലും താഴേക്ക് പോയിയെന്നാണ് കണക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

വൻ ഹൈപ്പോടെ എത്തിയ വിജയ് ചിത്രം ഗോട്ടിനും മോളിവുഡിനെ ഉണർത്താൻ സാധിച്ചില്ല. കേരളത്തിൽ തണുപ്പൻ പ്രതികരണമായിരുന്നു ചിത്രത്തിന് ഉണ്ടായത്. മുൻപുള്ള വിജയ് ചിത്രങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഗോട്ടിന് കാര്യമായ കളക്ഷൻ നേടാൻ സാധിച്ചില്ല. തമിഴ്നാട്ടിൽ ചിത്രം വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത് . ഇതോടെ ഈ പ്രതീക്ഷയും അസ്ഥാനത്തായി.

ഇപ്പോഴിതാ ഹേമ കമ്മറ്റിയില്‍ ആടിയുലഞ്ഞ മലയാള സിനിമ ഓണം റിലീസുകളോടെ തിരിച്ചുവരികയാണ്. ഓണം റിലീസായി എത്തിയ സിനിമകള്‍ മുന്‍വിധികളെ മാറ്റിമറിച്ചുള്ള പ്രകടനമാണ് ഓരോ ദിവസവും കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഇത്തവണത്തെ ഓണത്തിന് വമ്പന്‍ ചിത്രങ്ങളാണ് മലയാള സിനിമയില്‍ റിലീസായത്. ടൊവിനോ തോമസ് നായികനായ അജയൻ്റെ രണ്ടാം മോഷണം, ആസിഫ് അലിയുടെ കിഷ്‌കിന്ധാകാണ്ഡം, ഒമര്‍ ലുലുവിൻ്റെ ബാഡ് ബോയ്‌സ്, ആൻ്റണി പെപ്പെയുടെ കൊണ്ടല്‍ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. എല്ലാ ചിത്രങ്ങള്‍ക്കും ഒന്നിനൊന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാൽ, ഇതില്‍ എടുത്തു പറയേണ്ടത് അജയന്‍റെ രണ്ടാം മോഷണവും കിഷ്‍കിന്ധാ കാണ്ഡവും ആണ്. ഇരു ചിത്രങ്ങളും മികച്ച പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ചവയ്ക്കുന്നത്.

ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തിയ അജയൻ്റെ രണ്ടാം മോഷണം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. വീരയോദ്ധാവായും കള്ളനായും ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ടൊവിനോ തോമസിൻ്റെ മികച്ച പ്രകടനവും ജിതിൻ ലാലിൻ്റെ സംവിധാന മികവുമാണ് എആര്‍എമ്മിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങളില്‍ നിറയുന്നത്. ചിത്രം ഗംഭീരമായ ദൃശ്യ വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതിനാൽ, ബോക്‌സോഫീസിലെ ഓണം ക്ലാഷ് വിന്നറായി മാറിയിരിക്കുകയാണ് എആര്‍എം. കൂടുതല്‍ കളക്ഷനും ടൊവിനോ തോമസ് ചിത്രത്തിനാണ് ലഭിച്ചിരിക്കുന്നത്.

വെറും അഞ്ചു ദിവസങ്ങൾ കൊണ്ടാണ് എആര്‍എം 50 കോടി ക്ലബില്‍ ഇടം നേടുന്നത്. ടൊവിനോയുടെ കരിയറില്‍ തന്നെ 50 കോടി ക്ലബില്‍ കയറുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇന്ത്യക്ക് പുറമേ വിദേശത്തും ടൊവിനോ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഗ്രോസ് കളക്ഷനായി 26.85 കോടി രൂപയാണ് ചിത്രം കരസ്ഥമാക്കിയത്. ടൂഡിയിലും ത്രീഡിയിലും റിലീസ് ചെയ്ത ചിത്രം മുപ്പത് കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. തെലുങ്കിലെ പ്രമുഖ നടി കൃതി ഷെട്ടിയാണ് നായികയായി അഭിനയിച്ചത്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജിതിൻ ലാലിൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സുജിത് നമ്പ്യാരാണ്. എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന എആര്‍എം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത്.

ആസിഫ് അലിയുടെ കിഷ്കിന്ധ കാണ്ഡമാണ് ബോക്സോഫീസിലെ മറ്റൊരു ഹിറ്റ്. ബാഹുൽ രമേശിൻ്റ രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ തിയേറ്ററുകളിൽ ഗംഭീര വിജയമാകുകയാണ്. ബോക്സ് ഓഫീസില്‍ ചെറിയ തുകയുമായി തുടങ്ങിയ കിഷ്‍കിന്ധാ കാണ്ഡം പിന്നീട് ആകെ കളക്ഷനില്‍ ഞെട്ടിക്കുകയാണ്. പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രമാണിത്. ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇവരുടെയെല്ലാം പ്രകടങ്ങൾ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നതാണ്. ഗുഡ്‌വിൽ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും ഇടയിൽ ഇത്തവണയും മലയാള സിനിമയെ ഓണം കാത്തു എന്നുതന്നെവേണം പറയാം. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദങ്ങളും ഓണം റിലീസുകളെ ബാധിച്ചേക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കുന്ന പ്രകടനമാണ് മോളിവുഡ് കാഴ്ച വെക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ ഇല്ലാതിരുന്ന ഓണത്തിന് ആസിഫ് അലി, ടൊവിനോ തേരോട്ടം തന്നെയാണ്‌ കാണുന്നത്. ഏത് ദുർഘടസന്ധിയും മറികടക്കുന്ന പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ പടയോട്ടം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!