ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ ബിജെപി വോട്ട് മോഷണം നടത്തുന്നുവെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ അനധികൃതമായി മാറ്റുന്നുവെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചതിനു പിന്നാലെ മൂന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് നീക്കി.
വാരണാസിയിലെ ഇവിഎം നോഡല്‍ ഓഫീസര്‍, സോന്‍ഭദ്ര ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍ (ആര്‍ഒ), ബറേലി ജില്ലയിലെ അഡീഷണല്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലകളില്‍നിന്ന് മാറ്റിയത്. കുറഞ്ഞത് മൂന്ന് ജില്ലകളിലെങ്കിലും ബാലറ്റുകള്‍ കയറ്റിയ വാഹനങ്ങള്‍ തടഞ്ഞിട്ടുണ്ടെന്ന് അഖിലേഷ് അവകാശപ്പെട്ടിരുന്നു.
വാരണാസി അഡീഷണല്‍ ഡിഎം നളിനി കാന്ത് സിങ്ങിനെ ഇവിഎം കൊണ്ടുപോകുന്നതിലെ അശ്രദ്ധയുടെ പേരിലാണ് ചുമതലയില്‍നിന്ന് മാറ്റിയത്. പകരം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (ഫിനാന്‍സ് ആന്‍ഡ് റവന്യൂ) സഞ്ജയ് കുമാറിനെ നിയമിച്ചു. നളിനി കാന്ത് സിങ്ങിനെ വോട്ടെണ്ണല്‍ സ്ഥലത്തേക്കു പോകുന്നതില്‍നിന്നു വിലക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബഹേരി പ്രദേശത്തെ പ്രാദേശിക മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ ബിന്നിനുള്ളില്‍ ബാലറ്റ് പെട്ടികളും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഡീഷണല്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ വി കെ സിങ്ങിനെ ബറേലിയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് നീക്കിയത്. സോന്‍ഭദ്ര ജില്ലയില്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ വാഹനത്തിനുള്ളിലെ പെട്ടിയില്‍നിന്ന് ബാലറ്റ് സ്ലിപ്പുകള്‍ കണ്ടെടുത്ത സംഭവത്തിലാണ് ഘോരാവാള്‍ റിട്ടേണിങ് ഓഫീസര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്നു മാറ്റിയത്.
പകരം ഇവിഎമ്മുകള്‍ വച്ചുവെന്ന ആരോപണം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ഇവിഎമ്മുകളും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ രാത്രി വൈകി പരിശോധിച്ചതായി വാരണാസി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു. എല്ലാ കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും വിവിപാറ്റുകളും പരിശോധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുപി തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതികള്‍ക്കിടെ മീററ്റിലെയും വാരാണസിയിലെയും വോട്ടെണ്ണലിനു മേല്‍നോട്ടം വഹിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മീററ്റിലെ വോട്ടെണ്ണല്‍ പ്രക്രിയയ്ക്കു മേല്‍നോട്ടം വഹിക്കും, ബിഹാറിലെ സിഇഒ വാരാണസിയുടെ മേല്‍നോട്ടം വഹിക്കും.
ഇവിഎമ്മുകള്‍ കൊണ്ടുപോകുന്നതില്‍ ആവശ്യമായ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് സമ്മതിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ വീഡിയോ എസ്പി അതിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ അപ്ലോഡ് ചെയ്തിരുന്നു. അതിനിടെ, ചൊവ്വാഴ്ച ഇവിഎം കടത്തുന്നതിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് അജ്ഞാതരായ 300 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.