പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പോളണ്ടിലെ ഉക്രേനിയൻ അഭയാർഥി കേന്ദ്രം സന്ദർശിക്കും. റഷ്യൻ അധിനിവേശത്തെ തുടർന്ന് ഏകദേശം രണ്ട് ദശലക്ഷം ഉക്രേനിയക്കാർ പലായനം ചെയ്തിട്ടുണ്ടെന്നു ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഉക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ ട്രൂഡോ പോളണ്ട് പ്രധാനമന്ത്രിയുമായും പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് പോളണ്ടിലെ വാഴ്‌സയിൽ തന്റെ പര്യടനത്തിന്റെ ഭാഗമായി അഭയാർഥികൾക്കായുള്ള ഒരു താൽക്കാലിക അഭയകേന്ദ്രം സന്ദർശിക്കുമെന്നും ട്രൂഡോ അറിയിച്ചു.
യുക്രെയ്നിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ട്രൂഡോ ഇന്ന് വൈകുന്നേരം പോളണ്ടിൽ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഭരണത്തിന്മേൽ സമ്മർദ്ദം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് സഖ്യകക്ഷികളുമായി ചേർച്ച നടത്തുന്നതിനുള്ള ട്രൂഡോയുടെ യൂറോപ്പിലെ തന്റെ നാല് രാജ്യ പര്യടനത്തിലെ അവസാന ഘട്ടമാണ് പോളണ്ടിലെ സന്ദർശനം.
അദ്ദേഹം ബുധനാഴ്ച ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി. അവരുടെ ചർച്ചകൾ ഉക്രെയ്നിൽ ഉടനടി വെടിനിർത്തലിന്റെ ആവശ്യകതയിലും കൂടുതൽ രൂക്ഷമാകാതെ യുദ്ധം അവസാനിപ്പിക്കാനുള്ള ആഗ്രഹത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
റഷ്യൻ അധിനിവേശത്തിനെതിരെ ഉക്രെയ്‌നെ സ്വയം പ്രതിരോധിക്കാൻ സഹായിക്കുന്നതിന് നിരീക്ഷണ ഡ്രോണുകൾക്കായി കനേഡിയൻ നിർമ്മിത ക്യാമറകൾ ഉൾപ്പെടെ 50 മില്യൺ ഡോളർ പ്രത്യേക ഉപകരണങ്ങൾ കാനഡ അയയ്ക്കുമെന്ന് ട്രൂഡോ ബുധനാഴ്ച പ്രഖ്യാപിച്ചു.