ബീജിങ് : ഒരിടവേളയ്ക്കുശേഷം ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 1,500-ലേറെ പുതിയ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ന്റെ തുടക്കത്തില്‍ ചൈനയിലുടനീളം കോവിഡ് തരംഗം പ്രകടമായതിനു ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്.
ചൈനയിലെ പ്രതിദിന കേസുകള്‍ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസുകളിലെ വര്‍ധന മഹാമാരിയെ എത്രയും വേഗം തുടച്ചുനീക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ സങ്കീര്‍ണമാക്കും. 2019 ഡിസംബറിലാണ് ലോകത്ത് ആദ്യമായി ചൈനയില്‍ കോവിഡ് കേസ് സ്ഥിരീകരിച്ചത്.
കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്കു കടന്നിരിക്കുകയാണ് അധികൃതര്‍. പല നഗരങ്ങളും വലിയ ജനക്കൂട്ടം പങ്കടുക്കുന്ന പരിപാടികള്‍ റദ്ദാക്കുന്നതു വീണ്ടും നടപ്പാക്കിത്തുടങ്ങി. ജനങ്ങളെ കൂട്ടമായി കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതു വീണ്ടും പ്രോത്സാഹിപ്പിക്കുകയും സ്‌കൂളില്‍ മുഖാമുഖമുള്ള ക്ലാസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുകയാണ്.
വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജിലിന്‍ നഗരത്തിലെ മേയറെയും തലസ്ഥാനമായ ചാങ്ചുനിലെ ഒരു ജില്ലാ തലവനെയും തല്‍സ്ഥാനങ്ങളില്‍നിന്നു നീക്കിയതായാണു റിപ്പോര്‍ട്ട്. അവശ്യ സര്‍വിസുകള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളോടും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ചാങ്ചുന്‍ അധികൃതര്‍ ഉത്തരവിട്ടു.
ചാങ്ചുനില്‍ ആളുകള്‍ക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കു വീടുവിട്ടുപോകാന്‍ വിലക്കുണ്ട്. 90 ലക്ഷം ജനങ്ങളാണ് ഈ മേഖയിലുള്ളത്. ജിലിന്‍ നഗരപ്രദേശങ്ങളിലും സമാനമായ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായില്‍, ഡിസ്‌നിലാന്‍ഡ് റിസോര്‍ട്ട് സന്ദർശകശേഷി കുറയ്ക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ സന്ദര്‍ശകര്‍ 24 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് ന്യൂക്ലിക് ആസിഡ് പരിശോധനാ ഫലങ്ങള്‍ ഹാജരാക്കണമെന്നു ഡിസ്‌നിലാന്‍ഡ് നിര്‍ദേശിച്ചു.
ചൈനയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ വ്യാപാര മേളയായ കാന്റണ്‍ ഫെയറിന്റെ വേദി താല്‍ക്കാലികമായി അടച്ചതായി ഗ്വാങ്ഷൗവിലെ പ്രാദേശിക ഭരണകൂടം അറിയിച്ചു. കോവിഡ് ബാധിച്ചുവെന്ന് സംശയിക്കുന്ന ഒരാള്‍ അടുത്തിടെ വേദി സന്ദര്‍ശിച്ച സാഹചര്യത്തിലാണ് നടപടി.
പ്രാദേശിക കമ്പനികള്‍ നിര്‍മിച്ച അഞ്ച് കോവിഡ് -19 ആന്റിജന്‍ കിറ്റുകള്‍ സ്വയം പരിശോധനയ്ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണിത്.
കോവിഡ് -19 ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ ഉപകരണ സര്‍ട്ടിഫിക്കറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബീജിങ് ഹുവാകേതായ് ബയോടെക്നോളജിയെ അനുവദിച്ചു കൊണ്ട് ചൈനീസ് നാഷണല്‍ മെഡിക്കല്‍ പ്രൊഡക്ട്സ് അഡ്മിനിസ്ട്രേഷന്‍ ഇന്നലെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
നാന്‍ജിങ് വാസിമെ ബയോടെക്, ഗ്വാങ്ഷൂ വണ്ട്ഫോ ബയോടെക്, ബീജിങ് ജിന്‍വോഫു ബയോ എന്‍ജിനീയറിങ് ടെക്നോളജി, ബിജിഐ ജെനോമിക്സ് അനുബന്ധ സ്ഥാപനമായ ഷെന്‍ഷെന്‍ ഹുവാദ യിന്യുവാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ടെക്നോളജി എന്നീ മറ്റു നാലു കമ്പനികള്‍ക്കും സമാനമായ അംഗീകാരം ഇന്നു നല്‍കിയിട്ടുണ്ട്.