കീവ് : റഷ്യയ്ക്കും യുക്രൈനും ഇടയില്‍ ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി. റഷ്യയുമായുള്ള സന്ധി സംഭാഷണം ജറുസലേമില്‍ വച്ച് നടത്താന്‍ സമ്മതമാണെന്നും കീവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സെലന്‍സ്കി അറിയിച്ചു.
തന്‍റെയും രാജ്യത്തിന്‍റെയും സുരക്ഷ ഉറപ്പുവരുത്താന്‍ ഇസ്രയേലിന് സാധിക്കുമെന്ന് സെലന്‍സ്കി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന് ഒരു സമവായ ചര്‍ച്ചയില്‍ വളരെ മുഖ്യമായി റോള്‍ വഹിക്കാന്‍ സാധിക്കുമെന്നും യുക്രൈന്‍ പ്രസിഡന്‍റ് പ്രതീക്ഷ പ്രകടിപ്പിച്ചു.
‘ആര് മധ്യസ്ഥശ്രമം നടത്തിയാലും അതിനെ സ്വാഗതം ചെയ്യും’ ഇസ്രയേലിന്‍റെ ശ്രമങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് യുക്രൈന്‍ പ്രസിഡന്‍റ് പ്രതികരിച്ചു. ‘എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ ആരും എന്ന ഗണത്തില്‍ പെടുത്തുന്നില്ല. അങ്ങയ്ക്ക് ഒരു വലിയ ചരിത്രത്തിന് ഉടമയായ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്’.
‘യുക്രൈനില്‍ നിന്നും പോയവരാണ് ഇസ്രയേല്‍ രാജ്യം സ്ഥാപകരില്‍ പലരും. ഇവിടെ നിന്ന് പാരമ്പര്യവും ചരിത്രവും പേറിയാണ് അവര്‍ ആ രാജ്യം സ്ഥാപിച്ചത്. അതിനാല്‍ തന്നെ അവരുടെ മാധ്യസ്ഥം തേടുന്നത് മോശം കാര്യമല്ല. ഒരിക്കലും ഇത്തരം ഒരു ചര്‍ച്ച റഷ്യയിലോ, യുക്രൈനിലോ, ബലറസിലോ നടക്കില്ല’
‘ഇവിടെ ഒരു ധാരണയില്‍ എത്താനോ, യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച നടത്താനോ ഉള്ള അവസ്ഥയില്‍ അല്ല, ഇപ്പോള്‍ നടക്കുന്ന ടെക്നിക്കല്‍ ചര്‍ച്ചകള്‍ അല്ല പറയുന്നത്. രാജ്യ തലവന്മാര്‍ തമ്മില്‍ സംസാരിക്കണം. അതിന് പറ്റിയ ഇടങ്ങള്‍ ഇസ്രയേലില്‍ ഉണ്ട്. ജറുസലേം പോലെ, ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ഞാന്‍ സംസാരിച്ചിട്ടുണ്ടെന്നും’ സെലന്‍സ്കി പറഞ്ഞു.
അതേ സമയം യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 1300 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചു. റഷ്യ യുക്രൈനിലേക്ക് ആക്രമണം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുക്രൈൻ സൈനിക നാശം സംബന്ധിച്ച കണക്കുകൾ പുറത്തു വിടുന്നത്. നേരത്തെ കൊല്ലപ്പെട്ട റഷ്യൻ സൈനികർ 12,000ലധികം ആണെന്ന് യുക്രൈന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല.
മരിയുപോളിയെ ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലായെന്നും അവിടേക്ക് എത്തിപ്പെടാനാകുന്നില്ലെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. മരിയുപോളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് കൃത്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ല. യുക്രൈനില്‍ നിന്ന് തങ്ങളുടെ 14,000 പൗരന്മാരെ നാട്ടിലെത്തിച്ചെന്ന് തുര്‍ക്കി വ്യക്തമാക്കി. മരിയുപോള്‍ നഗരം റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തിലെ സ്ഥിതിഗതികള്‍ മോശമാണെന്നും യുക്രൈനും പ്രതികരിച്ചു. റഷ്യ സിവിലിയന്മാരെ ലക്ഷ്യം വെക്കുകയാണെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപത്തെത്തിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. കീവ് പ്രദേശത്തെ വാസില്‍കീവിലെ എയര്‍ബേസിന് നേരെ റഷ്യ റോക്കറ്റാക്രമണം നടത്തി.