മനില : പടിഞ്ഞാറൻ ഇന്തോനേഷ്യയിലും ഫിലിപ്പൈൻ തലസ്ഥാന മേഖലയിലും തിങ്കളാഴ്ച ശക്തമായ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ. ഗുരുതരമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നു അധികൃതർ അറിയിച്ചു.
ഇന്തോനേഷ്യയിൽ, പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ ഒരു പട്ടണമായ പരിയാമനിൽ നിന്ന് 169 കിലോമീറ്റർ പടിഞ്ഞാറായി 16 കിലോമീറ്റർ ആഴത്തിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പ്രവിശ്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടെങ്കിലും സുനാമി അപകടമില്ലെന്ന് ഇന്തോനേഷ്യൻ മെറ്റീരിയോളജി ആൻഡ് ജിയോഫിസിക്‌സ് ഏജൻസി അറിയിച്ചു. വടക്കൻ സുമാത്ര പ്രവിശ്യയിലെ ഒരു ജില്ലയായ സൗത്ത് നിയാസിൽ നിന്ന് 161 കിലോമീറ്റർ തെക്കുകിഴക്കായി കേന്ദ്രീകരിച്ചായിരുന്നു ഭൂചലനം.
6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഫിലിപ്പൈൻ തലസ്ഥാന മേഖലയിലും പ്രവിശ്യകളിലും പുലർച്ചെ ഉണ്ടായെങ്കിലും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറിയിച്ചു.
മനില ട്രെഞ്ചിലൂടെയുള്ള ചലനത്തിലൂടെയാണ് ഭൂചലനം ഉണ്ടായതെന്നും മനിലയ്ക്ക് തെക്ക് സ്ഥിതി ചെയ്യുന്ന ഒക്‌സിഡന്റൽ മിൻഡോറോ പ്രവിശ്യയിലെ ലുബാംഗ് ദ്വീപിൽ നിന്ന് 110 കിലോമീറ്റർ പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രമെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഇന്തോനേഷ്യയിലെ വെസ്റ്റ് സുമാത്ര പ്രവിശ്യയിൽ കഴിഞ്ഞ മാസം 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലേഷ്യയിലും സിംഗപ്പൂരിലും വരെ അനുഭവപ്പെട്ട ഭൂചലനത്തിൽ ആയിരക്കണക്കിന് വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിരുന്നു.