മരിയുപോൾ : റഷ്യൻ സൈന്യം മരിയുപോളിലെ ആശുപത്രി പിടിച്ചെടുക്കുകയും ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലുണ്ടായ മറ്റൊരു ആക്രമണത്തിനിടെ 500 ഓളം പേരെ ബന്ദികളാക്കിയതായും പ്രാദേശിക നേതാവ് പാവ്‌ലോ കിറിലെങ്കോ.
റഷ്യ കീവിൽ ബോംബാക്രമണം ശക്തമാക്കിയെന്നും, ഏകദേശം 20,000 ത്തോളം ജനങ്ങൾ മരിയുപോളിൽ നിന്ന് മാനുഷിക ഇടനാഴിയിലൂടെ പലായനം ചെയ്‌തെന്നും കിറിലെങ്കോ പറഞ്ഞു.
റഷ്യൻ ആക്രമണം രൂക്ഷമായി തുടരുമ്പോഴും ഏകദേശം മൂന്നാഴ്ചത്തെ യുദ്ധത്തിന് ശേഷം നടക്കുന്ന ചർച്ചയിൽ റഷ്യയുടെ ആവശ്യങ്ങൾ “കൂടുതൽ യാഥാർത്ഥ്യമായി” മാറുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബുധനാഴ്ച രാവിലെ പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
“ശ്രമങ്ങൾ ഇനിയും ആവശ്യമാണ്, ക്ഷമ ആവശ്യമാണ്,” അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
റഷ്യയുടെ നാലാമത്തെ ജനറൽ കൊല്ലപ്പെട്ടതായി യുക്രൈൻ
റഷ്യയുടെ നാലാമത്തെ ജനറൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. മരിയുപോളിലുണ്ടായ ആക്രമണത്തിനിടെയാണ് മേജർ ജനറൽ ഒലെഗ് മിത്യേവ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വീഡിയോ സന്ദേശത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ളോഡൈമർ സെലെൻസ്‌കി മറ്റൊരു റഷ്യൻ ജനറൽ കൊല്ലപ്പെട്ടതായി പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നില്ല. 150-ാമത് മോട്ടറൈസ്ഡ് റൈഫിൾ ഡിവിഷന്റെ കമാൻഡറായിരുന്നു 46 കാരനായ മിത്യേവ്. സിറിയയിൽ മറ്റും ഇദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ടെന്ന് ഗെരാഷ്ചെങ്കോ പറഞ്ഞു. എന്നാൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.