നയാഗ്ര ഫോൾസ് : കഴിഞ്ഞ വർഷം ഒൻ്റാരിയോ നയാഗ്ര ഫോൾസിൽ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. 2023 നവംബർ 21-ന് നയാഗ്ര ഫോൾസിലെ വീട്ടിലാണ് രണ്ട് വയസ്സുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് നയാഗ്ര റീജനൽ പൊലീസ് അറിയിച്ചു. ഫെൻ്റനൈലിൻ്റെയും ബ്രോമസോളത്തിൻ്റെയും വിഷാംശം മൂലമാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
തുടർന്ന് നടന്ന അന്വേഷണത്തിൽ 40 വയസ്സുള്ള യുവതിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കുട്ടിയുടെയും അടുത്ത ബന്ധുക്കളുടെയും ഐഡൻ്റിറ്റി സംരക്ഷിക്കാൻ പ്രതിയുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മരണത്തിന് കാരണമായ അശ്രദ്ധ, മയക്കുമരുന്ന് കുറ്റങ്ങൾ തുടങ്ങിയവയാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.