വാർസോ: യുദ്ധഭൂമിയായ യുക്രെയ്നിൽനിന്ന് ഓടിപ്പോകുന്നവരെ സഹായിക്കുന്നതിൽ മുന്നിൽ നിന്ന് പോളിഷ് കന്യാസ്ത്രീകൾ. കത്തോലിക്കാ സഭയുടെ കീഴിലുള്ള ആയിരത്തോളം മഠങ്ങളാണ് അഭയകേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. ഭക്ഷണം, താമസം, ജോലി എന്നിവയും പരിചരണവും ഈ നിസ്വാർഥരായ കന്യാസ്ത്രീകൾ നല്കുന്നു.
പോളണ്ടിലെ 924ഉം പോളിഷ് സഭകൾ യുക്രെയ്നിൽ നടത്തുന്ന 98ഉം മഠങ്ങളാണ് അഭയകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. 3,060 കുട്ടികൾ, 2,420 കുടുംബങ്ങൾ, പ്രായപൂർത്തിയായ 2,950 പേർ എന്നിവർ ഇവിടങ്ങളിൽ അഭയം തേടിയിരിക്കുന്നു.
അതിശൈത്യം നേരിടാനായി വസ്ത്രങ്ങളും ചൂടുഭക്ഷണവും ശുചിത്വ ഉപകരണങ്ങളും കന്യാസ്ത്രീകൾ നല്കുന്നു. അഭയാർഥികൾക്കു ജോലി കണ്ടെത്തി നല്‍കുന്നുമുണ്ട്. കുട്ടികൾക്കും അമ്മമാർക്കും വേണ്ടി ക്ലാസുകൾ നടത്തുന്നു. വയോധികർക്കും ഭിന്നശേഷിക്കാർക്കും പരിചരണം നല്‍കുന്നതായും വിവിധ സഭകളുടെ മേജർ സുപ്പീരിയർമാർ ഉൾപ്പെട്ട കൗൺസിൽ അറിയിച്ചു.
യുദ്ധത്തിനു മുന്‍പേ പോളണ്ടിൽ 20 ലക്ഷം യുക്രെയ്ൻകാർ ജോലിക്കും മറ്റുമായി ഉണ്ടായിരുന്നു. യുദ്ധമാരംഭിച്ചശേഷം പോളണ്ടിലേക്കുമാത്രം 18 ലക്ഷം പേരാണു പലായനം ചെയ്തത്.
നിസ്വാർഥസേവനവുമായി പോളിഷ് കന്യാസ്ത്രീകൾ
Stay Connected
Must Read
Related News