ഇന്നത്തെ മേക്കോവർ ട്രെൻഡുകളിലൊന്നാണ് ഹെയർ കളറിംഗ്. ആൺ പേന വ്യത്യാസമില്ലാതെ ഈ ട്രൻഡിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ചിലർ ഭാഗികമായും, ചിലർ പൂർണമായും മുടി കളർ ചെയ്ത മേക്കോവർ നടത്താറുണ്ട്. ഹെയര്‍ കളറിങ് വെറുമൊരു സൗന്ദര്യ പ്രവണത എന്നതിലുപരിയായി പതിവുരീതിയായി മാറിയിട്ടുണ്ട്. മുടിയുടെ നിറം മാറ്റുന്നത് രൂപം പുതുക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനുമുള്ള എളുപ്പ മാര്‍ഗമായാണ് പലരും കാണുന്നത്. എന്നാല്‍, ഇതിനൊപ്പം നാം സ്ഥിരമായി കേൾക്കുന്ന മറ്റൊരു കാര്യവുമുണ്ട്. മുടിക്ക് ചായം പൂശുന്നത് നര വേഗത്തിലാക്കുന്നു എന്നതാണത്.
ഹെയര്‍ കളറിങ് സ്വാഭാവിക നിറത്തെ നശിപ്പിക്കുകയും മുടി ചാരനിറത്തിൽ ചരട് പോലെയാകുമെന്നും പലരും വിശ്വസിക്കുന്നുണ്ട്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? നമുക്ക് വസ്തുതകൾ പരിശോധിക്കാം. മുടി നരയ്ക്കുന്നതിന് യഥാര്‍ഥ കാരണം എന്താണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
രോമകൂപങ്ങളില്‍ പിഗ്മെന്റ് (മെലാനിന്‍) ഉല്‍പ്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ മെലനോസൈറ്റുകള്‍ – കോശങ്ങള്‍ മന്ദഗതിയിലാക്കാന്‍ തുടങ്ങുമ്പോഴോ അല്ലെങ്കില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുമ്പോഴോ ആണ് നരയുടെ പ്രക്രിയ ആരംഭിക്കുന്നത്. തത്ഫലമായി പിഗ്മെന്റില്ലാതെ മുടി വളരുകയും ചാരനിറമോ വെളുത്തതോ ആയ രൂപമാകുകയും ചെയ്യുന്നു.

ഹെയര്‍ കളറിങ് നിങ്ങളുടെ മുടി നരയ്ക്കുന്നതിന് കാരണമാകില്ല. ഈ തെറ്റിദ്ധാരണ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. മുടിക്ക് നിറം നല്‍കുമ്പോള്‍, ചായം നിങ്ങളുടെ മുടിയുടെ പുറം പാളിയെ മാത്രമേ ബാധിക്കുകയുള്ളൂ, രോമകൂപങ്ങളെയല്ല. അതുകൊണ്ടുതന്നെ നരയുടെ പ്രശ്നം ഉദിക്കുന്നില്ല. അതേസമയം, പതിവ് ഡൈയിങോ കഠിനമായ രാസവസ്തുക്കളുടെ ഉപയോഗമോ നിങ്ങളുടെ മുടിയുടെ ഘടനയെ തകരാറിലാക്കിയേക്കാം. മുടി പൊട്ടുകയോ മുഷിയുകയോ ചെയ്യും.
ഹെയർ കളറിങ്ങിന് മുൻപ് ഉപയോഗിക്കുന്ന ബ്ലീച്ച് മുടിയുടെ നിറം മങ്ങാൻ കാരണമായേക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കൂടാതെ ഇത് മുടിയുടെ വേരുകളെയും ദുർബലപ്പെടുത്തിയേക്കാം. സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡ്, അമോണിയ തുടങ്ങിയ കെമിക്കലുകൾ ഉപയോഗിച്ചാണ് പെർമനന്റ് അല്ലെങ്കിൽ സെമി-പെർമനന്റ് ഹെയർ ഡൈകൾ ചെയ്യുന്നത്. ഇവ മുടിയുടെ സ്വാഭാവിക മെലാനിൻ ഓക്സിഡൈസ് ചെയ്യുകയും, നിറവ്യത്യാസം സ്ഥിരമാക്കി നിർത്തുകയും ചെയ്യുന്നു.
മുടിയുടെ ഫോളിക്കുകളിൽ ബ്ലീച്ചിന് ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് അടിഞ്ഞു കൂടുന്നത് മുടി നരയ്ക്കാൻ കാരണമാകുമെന്ന് ഒരു പഠനത്തിൽ പറയുന്നു. എന്നാൽ ബ്ലീച്ചിങ് ആവശ്യമില്ലാത്ത താൽക്കാലിക ഹെയർ ഡൈകൾ തെരഞ്ഞെടുക്കുന്നത് ഇത് ഒഴിവാക്കും. മുടിയുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഹെയർ കളർ ചെയ്യുന്നതിന് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കണം. കൂടാതെ ഹെയർ കെയർ റൂട്ടീൻ പിന്തുടരുകയും വേണം.