കൊച്ചി : വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ ഇല്ലെന്നും അന്വേഷണത്തില്‍ ഇടപെടാനില്ലെന്നും ഹൈക്കോടതി. ദിലീപിനും കൂട്ടാളികൾക്കുമെതിരെ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. കേസ് അന്തിമവാദത്തിനായി 28 ലേക്ക് മാറ്റി.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ജസ്റ്റിസ് കെ. ഹരിപാലാണ് പരിഗണിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.
കേസില്‍ ദിലീപിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ദിലീപ്, സഹോദരന്‍ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ് എന്നിവരുടെ പേരിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായിയുടെ ലാപ്ടോപ്പ് ഉപയോഗിച്ചാണെന്നാണ് പൊലീസിന്റെ കണ്ടെത്തലിനെ തുടർന്നാണിത്. നാളെ ഹാജരാകാൻ ക്രൈം ബ്രാഞ്ച് സായിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൊച്ചിയിലുള്ള ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണ് വിവരങ്ങള്‍ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയതായാണ് വിവരം. സായിയുടെ കോഴിക്കോടുള്ള വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.