Wednesday, October 15, 2025

അധികാരത്തില്‍ വന്നാല്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ; എതിര്‍ത്ത് മെക്‌സിക്കോ

വാഷിങ്ടണ്‍: അമേരിക്കയില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി അടച്ചുകൊണ്ട് അനധികൃത കുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ഡോ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. എന്നാല്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വാദം തള്ളി. അതിര്‍ത്തികള്‍ അടക്കില്ലെന്നും സര്‍ക്കാറുകളുമായും ജനങ്ങളുമായും ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും മെക്സിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ കാനഡ, മെക്സികോ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളുടെയും വാദപ്രതിവാദവും കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചയും പുറത്തുവരുന്നത്.

മെക്സികോയുടെ പുതിയ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചതായും തെക്കന്‍ അതിര്‍ത്തി അടച്ച് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്ന് അവര്‍ സമ്മതിച്ചതായും സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പറഞ്ഞത്. അതേസമയം, ട്രംപുമായി മെക്സികോയുടെ കുടിയേറ്റ നിലപാട് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി ക്ലോഡിയ സ്ഥിരീകരിച്ചു. യുഎസിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്കുള്ള കുടിയേറ്റക്കാരെ മെക്സികോ തടഞ്ഞതായി ട്രംപിനെ അറിയിച്ചതായും അവര്‍ പറഞ്ഞു. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനെയും ലഹരികടത്ത് തടയുന്നതിനെയും കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെന്ന് ക്ലോഡിയ കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നായ അനധികൃത കുടിയേറ്റത്തെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം ഇല്ലാതാക്കുമെന്നാണ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഇതിനായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ മെക്സികോയുമായി സഹകരിച്ച് ജോ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നടപടികളെ തുടര്‍ന്ന് അനധികൃത കുടിയേറ്റത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!