ആലപ്പുഴ: കളര്‍കോട് കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലേക്ക് കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ആലപ്പുഴ ചങ്ങനാശേരി ഭാഗത്ത് നിന്നും ആലപ്പുഴ ദേശീയപാത ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ പുറത്തെടുത്തത്.

രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. വൈറ്റിലയില്‍ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്കാണ് കാര്‍ ഇടിച്ചത്. മഴയുണ്ടായിരുന്നതിനാല്‍ കാര്‍ തെന്നി നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കാറിന്റെ മധ്യഭാഗമാണ് ബസില്‍ ഇടിച്ചത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി കാര്‍ ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല